കാട്ടുപന്നി ശല്യം: മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം : സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനംവന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനംപരിസ്ഥിതികാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. 21ന് വൈകിട്ട് നാലിന് ന്യൂഡല്‍ഹിയിലാണ് കൂടിക്കാഴ്ച.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതല്‍ സംസ്ഥാനത്ത് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി തോക്ക് ലൈസന്‍സുള്ള വ്യക്തികള്‍ക്ക് അനുവാദം നല്‍കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിരവധി കത്തുകള്‍ അയച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കാണുന്നത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇവയെ നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇവയെ കൊല്ലാന്‍ സാധിക്കും.
സംസ്ഥാനത്തെ ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരാഞ്ഞശേഷം സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ മനുഷ്യവന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ആവശ്യമാണെന്ന കാര്യവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും.
സംസ്ഥാനത്തെ വനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് റവന്യുവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ കേടുകൂടാതെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനും സാധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം കൂടി നടപ്പിലാക്കുന്നതിന് നാഷണല്‍ സിഎഎംപിയില്‍ നിന്നുള്ള ധനസഹായത്തിനും അഭ്യര്‍ത്ഥിക്കും.