അലര്‍ജി ഉള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പറ്റുമോ?

ഡോ. ഷിംനാ അസീസ്

Update: 2021-04-26 14:28 GMT

    കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഏതെങ്കിലും തരം വാക്‌സിനുകള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയോട് സാരമായ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പാടില്ല എന്നാണ്. അതില്‍ തന്നെ, അപൂര്‍വ്വമാണെങ്കില്‍ പോലും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ രണ്ടാമത് ഡോസ് എടുക്കരുത്. അലര്‍ജി എന്നത് ചില വസ്തുക്കളോട് ശരീരം അമിതമായി പ്രതികരിച്ച് തൊലിപ്പുറത്ത് വരുന്ന നേരിയ ചൊറിച്ചില്‍ മുതല്‍ ശ്വസനനാളം മുഴുവനായി അടഞ്ഞ് അപകടകരമാം വിധം ബിപി കുറഞ്ഞ് ബോധം നഷ്ടപ്പെട്ട് മരണം വരെ സംഭവിക്കാവുന്ന ആനഫൈലാക്‌സിസ് വരെ എന്തുമാവാം. ഏത് വസ്തുവിനോട് ആര്‍ക്ക് എപ്പോള്‍ അലര്‍ജി തോന്നുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നതും വസ്തുതയാണ്.

അപ്പോള്‍ കൊവിഡ് വാക്‌സിന്‍ എടുക്കുന്ന കാര്യം?

    നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും അവഗണിക്കാവുന്ന ചെറിയ തോതിലുള്ള അലര്‍ജികളേക്കാള്‍ പ്രധാനം കൊറോണ വന്നു മരിക്കാതിരിക്കുക എന്നത് തന്നെയാണ്. RISK V/S BENEFIT RATIO നോക്കുകയാണെങ്കില്‍ ഇവിടത്തെ റിസ്‌ക് കൊവിഡ് രോഗം ബാധിച്ച് അതിന്റെ സഹനമോ മരണമോ വരുന്നതും എതിര്‍വശത്ത് ഉള്ളത് അലര്‍ജിയുമാണ്. ഇങ്ങനെയൊരു അവസരത്തില്‍ അലര്‍ജി ഉള്ള വ്യക്തിക്ക് വാക്‌സിന്‍ എടുക്കണമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം തേടുന്നതാവും നല്ലത്. അദ്ദേഹം ഉറപ്പ് തന്നാല്‍ നിങ്ങള്‍ക്ക് ധൈര്യമായി വാക്സിനെടുക്കാം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നത് കൊണ്ട് ഫോണ്‍ വഴിയോ മറ്റോ ചോദിക്കുന്നതാവും സുരക്ഷിതം എന്നത് കൂടി ഓര്‍മിപ്പിക്കുന്നു.

    ഇനി ഈ കടമ്പയെല്ലാം കടന്നു പോയി വാക്‌സിന്‍ എടുത്തു, അപ്പോള്‍ എന്തെങ്കിലും അപ്രതീക്ഷിത ബുദ്ധിമുട്ട് വന്നാലോ?. അങ്ങനെയൊരു സാധ്യത തീരെ കുറവാണ്. ഇനി അഥവാ അത്തരത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ ഉടന്‍ ഉപയോഗിക്കേണ്ട ജീവരക്ഷയ്ക്കു വേണ്ടിയുള്ള അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന മരുന്നുകളും എമര്‍ജന്‍സി സിറ്റ്വേഷന്‍ മാനേജ് ചെയ്യാന്‍ തക്ക പരിശീലനം ലഭിച്ച സ്റ്റാഫും ഓരോ വാക്‌സിനേഷന്‍ സെന്ററിലും ഉണ്ട്. ഇതുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ട്. ആശങ്കയുടെ ആവശ്യമില്ല.

    വാക്‌സിനേഷനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കുക, സാധിക്കുന്നവരെല്ലാം വാക്‌സിന്‍ എടുത്ത് സുരക്ഷിതരാവുക. ഈ കാലം കടന്നുപോവാന്‍ നമ്മള്‍ കൂട്ടമായെടുക്കുന്ന പ്രതിരോധം മാത്രമാണ് പ്രതിവിധി.

Can people with allergies be vaccinated?

Tags:    

Similar News