കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ വരട്ടെ: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഗാന്ധി കുടുംബത്തില്‍നിന്നുള്ള അംഗത്തിനു മാത്രമേ പാടുള്ളൂവെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പടയാളിയായി ധീരതയോടെ പോരാടും. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താൽപ്പര്യമില്ല. രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍, എന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിടരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. മറ്റാരെങ്കിലും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി. സംഘടന നേതൃത്വത്തിൽ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവർത്തക സമിതി അനുമതി നൽകി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വർക്കിങ് കമ്മിറ്റി യോഗത്തിലേക്ക് എത്തിയില്ല.