കരുത്തരുടെ പോരാട്ടം; കൊല്ലത്ത് ഫലം പ്രവചനാതീതം
അഭിമാനം വീണ്ടെടുക്കാന്‍ കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി സിപിഎമ്മും വ്യക്തിപ്രഭാവത്തില്‍ എന്‍ കെ പ്രേമചന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നതില്‍ തര്‍ക്കമില്ല.
കൊല്ലം: ഇടതിനും വലതിനും മാറിമാറി അവസരം നല്‍കിയ മണ്ണാണ് കൊല്ലത്തിന്റേത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി യുഡിഎഫിനൊപ്പമാണ്. ജില്ലയിലെ രണ്ടുലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ പ്രബലരായ മല്‍സ്യത്തൊഴിലാളികളും സ്വീകരിക്കുന്ന സമീപനവും സാമുദായിക സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുമാവും കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. അഭിമാനം വീണ്ടെടുക്കാന്‍ കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി സിപിഎമ്മും വ്യക്തിപ്രഭാവത്തില്‍ എന്‍ കെ പ്രേമചന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നതില്‍ തര്‍ക്കമില്ല.
1951ല്‍ തുടങ്ങുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രം. ചവറ മുതല്‍ നീണ്ടകര വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സംഘടനയെന്ന പരിഹാസം പേറുന്ന ആര്‍എസ്പിയുടെ കുത്തക സീറ്റായിരുന്നു ഈ മണ്ഡലം. ആര്‍എസ്പിയിലെ എന്‍ ശ്രീകണ്ഠന്‍ നായര്‍ അഞ്ചുതവണയാണ് കൊല്ലത്തെ പ്രതിനിധാനം ചെയ്ത് ലോക്സഭയിലെത്തിയത്. കോണ്‍ഗ്രസിലെ ബി കെ നായരോട് ആറാം അങ്കത്തില്‍ ശ്രീകണ്ഠന്‍ നായര്‍ തോല്‍വി വഴങ്ങി. പിന്നീട് വിഭാഗീയയുടെ ഫലമായി പാര്‍ട്ടി പിളര്‍ന്നതോടെ തുടര്‍ച്ചയായി മൂന്നുതവണ ആര്‍എസ്പി പരാജയപ്പെട്ടു.
1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അഭിമാനാര്‍ഹമായ വിജയത്തോടെയാണ് ശ്രീകണ്ഠന്‍ നായര്‍ ലോക്സഭയിലെത്തിയത്. പിന്നീട് 1962ലും 1971ലും 1977ലും ആര്‍എസ്പി ടിക്കറ്റിലും 1967ല്‍ സ്വതന്ത്രനായും അദ്ദേഹം ലോക്‌സഭയിലേക്ക് ടിക്കറ്റെടുത്തു. 1957ല്‍ സിപിഐയിലെ കൊടിയനും 1980ല്‍ കോണ്‍ഗ്രസിലെ ബി കെ നായരും കൊല്ലത്തെ പ്രതിനിധീകരിച്ചു. ഇതിനിടെ ആര്‍എസ്പി പിളര്‍ന്നതോടെ 1984ലും 1989ലും 1991ലും തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ എസ് കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തി. എന്നാല്‍, വീണ്ടും കരുത്താര്‍ജിച്ച ആര്‍എസ്പി 1996ലും 1998ലും നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു.
ഇതിനിടെ, വീണ്ടും പാര്‍ട്ടി വിളര്‍ന്ന് ശക്തി ക്ഷയിച്ചതോടെ മണ്ഡലത്തിലെ വേരോട്ടം നഷ്ടമായി. 1999ലും 2004ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ പി രാജേന്ദ്രനാണ് വിജയിച്ചത്. 2009ല്‍ മൂന്നാം അങ്കത്തിനിറങ്ങിയ രാജേന്ദ്രനെ 17,531 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എന്‍ പീതാംബരക്കുറുപ്പ് തോല്‍പ്പിച്ചു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് വിട്ടെത്തിയ ആര്‍എസ്പിയിലൂടെ 2014ല്‍ വീണ്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം പിബി അംഗമായിരുന്ന എം എ ബേബിയെ 37649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്.
തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തിരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലമാണ് കൊല്ലം. ആര്‍എസ്പിയും സിപിഎമ്മും നേരത്തെ തന്നെ പ്രചരണരംഗത്ത് സജീവമായതോടെ മറ്റുവിവാദങ്ങളും മാറിനിന്നു. പല മണ്ഡലങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ വിവാദമായപ്പോഴും കൊല്ലം പ്രചരണത്തിന്റെ തിരക്കിലായിരുന്നു. ചവറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാമണ്ഡലത്തിലും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, ആര്‍എസ്പിക്കുള്ള സ്വാധീനവും എന്‍ കെ പ്രേമചന്ദ്രന് മണ്ഡലത്തിലുള്ള വ്യക്തിപ്രഭാവവും മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും ഭരണവിരുദ്ധ വികാരവും ഇത്തവണ അനുകൂലഘടകമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.
ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ പ്രാദേശികമായി സ്വാധീനമുള്ള സ്ഥാനാര്‍ഥി രംഗത്തിറക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി പ്രചരണരംഗത്ത് ആര്‍എസ്പിക്ക് ഒപ്പമെത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിന് ചുക്കാന്‍ പിടിച്ചത് കെ എന്‍ ബാലഗോപാലായിരുന്നു. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ വോട്ടും കെ എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
കരുത്തരായ എന്‍ കെ പ്രേമചന്ദ്രനും കെ എന്‍ ബാലഗോപാലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഫലം പ്രവചനാതീതമാണ്. ന്യൂനമോക്ഷ അഖിലേന്ത്യാ സെക്രട്ടറി കെ വി സാബുവാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. തൃപ്പുണ്ണിത്തറ സ്വദേശിയായ സാബു കഴിഞ്ഞതവണ ചാലക്കുടിയില്‍ മല്‍സരിച്ചിരുന്നു. പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് മത്സ്യതൊഴിലാളികളുടെ സ്വാധീന മേഖലകളാണ്. കശുവണ്ടി തൊഴിലാളികളും നിര്‍ണായക ശക്തിയാണ്. അതിനാല്‍ തന്നെ തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.