കുപ്രസിദ്ധ ഗുണ്ട നേതാവ് ആറ്റിങ്ങല്‍ അയ്യപ്പന്‍ അറസ്റ്റില്‍: പിടിയിലായത് പാലായില്‍ വച്ച്

വിദേശത്തായിരുന്ന അയ്യപ്പന്‍ പിടിയിലാവുന്നത് 20വര്‍ഷത്തിന് ശേഷം

Update: 2021-02-28 11:55 GMT

തിരുവനന്തപുരം: ഇരുപത് വര്‍ഷം മുന്‍പ് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഒട്ടുമിക്ക അക്രമങ്ങളിലും പ്രതിയായിരുന്ന ഗുണ്ടാ നേതാവ് ആറ്റിങ്ങല്‍ അയ്യപ്പന്‍ അറസ്റ്റില്‍. തമിഴ്‌നാട്, തക്കല, തൃക്കോല്‍വട്ടം, പുഷ്പഗിരി വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ബി.റ്റി.എസ് റോഡില്‍ സുബ്രമഹ്ണ്യവിലാസത്തില്‍ (പാലസ് റോഡ്, ശബരി വീട്) ബിജു എന്ന ആറ്റിങ്ങല്‍ അയ്യപ്പന്‍(50) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സംഘമാണ് അയ്യപ്പനെ പിടികൂടിയത്.

തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ എടുത്ത പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവില്‍ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി അറിയുന്നു. ഇതിനും ഇയാളുടെ പേരില്‍ കേസുകളുണ്ട്.

കടയ്ക്കാവൂര്‍, കൊല്ലമ്പുഴയില്‍ മണിക്കുട്ടനെ വെട്ടികൊലപ്പെടുത്തിയ കേസിലും, തിരുവനന്തപുരം സിറ്റിയില്‍ തിരുവല്ലത്ത് അബ്ദുല്‍ ജബ്ബാറിനെ വെട്ടികൊലപ്പെടുത്തിയ കേസിലും പ്രധാന പ്രതിയാണ് അയ്യപ്പന്‍.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ വധശ്രമ കേസുകള്‍ അടക്കം നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയാണ് ഇയ്യാള്‍. അയ്യപ്പനെ കോട്ടയം പാലായില്‍ വച്ചാണ് പോലിസ് പിടികൂടിയത്. 20 വര്‍ഷമായി അയ്യപ്പന്‍ വിദേശത്തായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളില്‍ പോലിസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News