മാല പിടിച്ച്പറി പരമ്പര; കുപ്രസിദ്ധമോഷ്ടാക്കളായ ചന്തുവും ശ്രീക്കുട്ടനും ഉള്‍പ്പെടെ ഏഴംഗ സംഘം അറസ്റ്റില്‍

പിടിയിലായ ചെമ്മരുതി സ്വദേശി ചന്തു എന്ന ശരത്താണ് സംഘത്തലവന്‍. മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങള്‍ നല്‍കിയിരുന്നത് ഇയാളായിരുന്നു.

Update: 2021-11-22 11:00 GMT

വര്‍ക്കല: കല്ലമ്പലം, അയിരൂര്‍, പാരിപ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച ഏഴംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.  ചെമ്മരുതി ബിഎസ് നിവാസില്‍ ചന്തു എന്ന ശരത്(28),വടശ്ശേരികോണം പനച്ചവിള വീട്ടില്‍ ശ്രീക്കുട്ടന്‍ എന്ന ശ്രീകാന്ത്(27),പരവൂര്‍ കുന്നില്‍ വീട്ടില്‍ നിന്നും ഞെക്കാട് വാടകക്ക് താമസിക്കുന്ന നന്ദു(18), തെറ്റിക്കുളം ചരുവിളവീട്ടില്‍ അമല്‍(22), ആനയറ, വെണ്‍പാല വട്ടം, ഈറോസ് കളത്തില്‍ വീട്ടില്‍ നിന്നും ഒറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖില്‍(22), കല്ലമ്പലം മാവിന്‍മൂട്, അശ്വതി ഭവനില്‍ ആകാശ്(19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഒരു വിദ്യാര്‍ത്ഥിയും കേസില്‍ പിടിയിലായ സംഘത്തിലുണ്ട്. കല്ലമ്പലം പോലിസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. 

പിടിയിലായ ചെമ്മരുതി സ്വദേശി ശരത് ആണ് സംഘത്തലവന്‍. മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങള്‍ നല്‍കിയിരുന്നതും ഇയാളായിരുന്നു. കൃത്യത്തിനായി ഉപയോഗിച്ച രണ്ട് ടു വീലറുകളും കണ്ടെടുത്തിട്ടുണ്ട്. പൊട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെക്കുന്നതും വില്‍പ്പന നടത്തിയിരുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.

ഒരേ സംഘമാണ് മാലപൊട്ടിക്കുന്നതെന്ന് പോലിസ് മനസ്സിലാക്കാതിരിക്കാനായി ഓരോ പൊട്ടിപ്പിന് ശേഷവും സംഘാംഗങ്ങളെ ഇയാള്‍ മാറ്റിയിരുന്നു. പിടിയിലായ ശ്രീകാന്ത് നേരത്തേ നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാണ്. കല്ലമ്പലം പോലിസിന്റെ റൗഡി ലിസ്റ്റില്‍ പെട്ട ഇയാളാണ് മാലപൊട്ടിക്കുന്നതില്‍ വിദഗ്ധന്‍. ചെറിയ കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന പ്രായമായ സ്ത്രീകളേയും, കാല്‍നട യാത്രക്കാരെയുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യംവെയ്ക്കുന്നത്.

പനയറ തൃപ്പൊരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം സൗമ്യയുടെ മാല പൊട്ടിച്ചതും, നെല്ലിക്കോട് പനച്ചു വിള വീട്ടില്‍ 62 വയസ്സുള്ള കമലമ്മയുടെ മലക്കറി കടയില്‍ കയറി മാല പിടിച്ചുപറിച്ചതും, കല്ലമ്പലം മേനപ്പാറ അമ്പിളി വിലാസത്തില്‍ 70 വയസ്സുള്ള രത്‌നമ്മയുടെ പെട്ടിക്കടയില്‍ കയറി മാല പൊട്ടിച്ചതും, പനയറ കുന്നത്ത് മല കുഴിവിള വീട്ടില്‍ ഷീലയുടെ മാല പൊട്ടിച്ചതും ഇവരുടെ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇവര്‍ പൊട്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പോലിസ് കണ്ടെടുത്തു. കല്ലമ്പലം പോലിസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസും, അയിരൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്സും ഇതോടെ തെളിഞ്ഞു. കൂടാതെ പാളയംകുന്നിലും, പാരിപ്പള്ളിയിലുമായി മൂന്നിടത്ത് ഇവര്‍ പൊട്ടിച്ചത് മുക്കുപണ്ടങ്ങളായിരുന്നു. 

പരമ്പരയായി നടന്ന മാലപിടിച്ച് പറികളെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി പികെ മധു, വര്‍ക്കല ഡി.വൈ.എസ്.പി പി നിയാസിന്റെയും, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എംകെ സുല്‍ഫിക്കറിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പോലിസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതികള്‍ ഇടക്ക് എറണാകുളത്ത് ലോഡ്ജിലേക്ക് താമസം മാറ്റിയിരുന്നു.

ജില്ലക്ക് അകത്തും പുറത്തുമായി അനവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് വേഗത്തില്‍ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.

Tags:    

Similar News