അസം പ്രളയം: മരണസംഖ്യ 123 ആയി; 27 ജില്ലകളിലെ 26.38 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍

ഗോള്‍പാര ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചത്. ഇവിടെ 4.7 ലക്ഷം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബാര്‍പേട്ടയില്‍ 4.24 ലക്ഷം പേരും മോറിഗാവില്‍ 3.75 ലക്ഷം പേരും പ്രളയത്തിന്റെ പേരില്‍ ദുരിതംപേറുന്നു.

Update: 2020-07-26 02:16 GMT

ഗുവാഹത്തി: പ്രളയം വിഴുങ്ങിയ അസമില്‍ മരണസംഖ്യ 123 ായി ഉയര്‍ന്നു. അസമിലെ 33 ജില്ലകളില്‍ 27 ജില്ലകളെയും പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ 26.38 ലക്ഷം ജനങ്ങളാണ് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നത്. ശനിയാഴ്ച വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മോറിഗാവ് ഒരാള്‍ക്കൂടി മരിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുംപെട്ടാണ് ഇത്രയുംപേരുടെ ജീവന്‍ നഷ്ടമായത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട അപകടത്തില്‍ 97 പേര്‍ മരിച്ചപ്പോള്‍ മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചുവെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു.

ഗോള്‍പാര ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചത്. ഇവിടെ 4.7 ലക്ഷം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബാര്‍പേട്ടയില്‍ 4.24 ലക്ഷം പേരും മോറിഗാവില്‍ 3.75 ലക്ഷം പേരും പ്രളയത്തിന്റെ പേരില്‍ ദുരിതംപേറുന്നു. 19 ജില്ലകളിലായി 587 ദുരിതാശ്വാസ ക്യാംപുകളിലായി അരലക്ഷത്തിലേറെ പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. 14 ലക്ഷം വളര്‍ത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.

ഗുവാഹത്തി, തേജ്പൂര്‍, ദുബ്രി, ഗോള്‍പാറ പട്ടണങ്ങളില്‍ ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. അതിന്റെ ഉപനദികളായ ധന്‍സിരി, ജിയ ഭരാലി, കോപിലി, ബെക്കി, ദുബ്രിയിലെ ഗോലോകോഗഞ്ചിലെ സാങ്കോഷ് എന്നിവയും വിവിധ സ്ഥലങ്ങളില്‍ അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

കാസിരംഗ പാര്‍ക്ക് 92 ശതമാനവും വെള്ളത്തില്‍ മുങ്ങി. ബിശ്വനാഥ്, ലഖിംപൂര്‍, ധുബ്രി, ചിരംഗ്, നാഗോണ്‍, ജോര്‍ഹട്ട്, ബാര്‍പേട്ട, മജുലി ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിവയെല്ലാം തകര്‍ന്നു. ബിശ്വനാഥ്, സൗത്ത് സല്‍മാര, ചിരംഗ്, മജുലി ജില്ലകളില്‍ വിവിധ സ്ഥലങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. ദേശീയ ദുരന്തപ്രതികരണസേന ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

Tags:    

Similar News