ശ്രീനഗര്‍: കശ്മീര്‍ നേതാവ് യാസിന്‍ മാലിക് നേതൃത്വം നല്‍കുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ നിരോധിച്ചതായി കേന്ദസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ യുഎപിഎ പ്രകാരമാണ് നിരോധനമെന്നും കേന്ദ്രം വ്യക്തമാക്കി.
യാസിന്‍ മാലിക് നിലവില്‍ ബല്‍വാല്‍ ജയിലിലാണ്. 1988 മുതല്‍ സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പെടുന്ന സംഘടനയാണ് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടെന്ന് കേന്ദ്ര അഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ പറഞ്ഞു. 37 കേസുകളാണ് സംഘടനക്കെതിരേ നിലവിലുള്ളത്. ഇതില്‍ രണ്ടെണ്ണം സിബിഐ അന്വേഷിക്കുന്നതാണ്. സംഘടന എന്‍ഐഎയുടെയും അന്വേഷണ പരിധിയിലാണ്. ഭീകരവാദത്തോടു യാതൊരു സന്ധിക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ തെളിവാണു സംഘടനയുടെ നിരോധനമെന്നും കേന്ദ്ര അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.