കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയില്‍; മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നേതാവ് വേണമെന്ന് കപില്‍ സിബല്‍
ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അവര്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കുന്നു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകര്‍ത്ത സര്‍ക്കാരിനെതിരേ പോരാടാന്‍ കോണ്‍ഗ്രസ് നിലകൊള്ളേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പുകള്‍ അതാണ് പ്രതിഫലിപ്പിക്കുന്നത്. പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നേതൃമാറ്റവും എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പും വേണമെന്നാവശ്യപ്പെട്ട് കപില്‍ സിബല്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ ആഗസ്ത് ഏഴിന് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ചരിത്രപരമായ തകര്‍ച്ചയെ നേരിടുകയാണെന്ന് തുറന്നടിച്ചത്.
ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അവര്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കുന്നു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകര്‍ത്ത സര്‍ക്കാരിനെതിരേ പോരാടാന്‍ കോണ്‍ഗ്രസ് നിലകൊള്ളേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതില്‍ പങ്കുചേരാനാണ് ആഗ്രഹിക്കുന്നത്. അത് പാര്‍ട്ടിയുടെ ഭരണഘടനയോടും കോണ്‍ഗ്രസിന്റെ പാരമ്പര്യത്തോടുമുള്ള ഞങ്ങളുടെ കടമയാണെന്ന് കപില്‍ സിബര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക സമിതിയോഗത്തില്‍ കപില്‍ സിബലിനെതിരേ രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. ഞാനുള്‍പ്പെടെയുള്ളവര്‍ നല്‍കിയ കത്ത് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ഞങ്ങളുടെ നിലപാടെന്ന് വ്യക്തമായേനെ. എന്നാല്‍, യോഗത്തില്‍ പലരും ഞങ്ങളെ രാജ്യദ്രോഹിയെന്നാണ് വിശേഷിപ്പിച്ചത്.
അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ശാസിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു. ഇതുപോലുള്ള പദപ്രയോഗങ്ങള്‍ ഉയര്‍ന്ന ഫോറത്തിനുള്ളില്‍ അനുവദിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ഭരണഘടനയെക്കുറിച്ചും അത് നല്‍കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും എനിക്ക് ചിലത് അറിയാം. നിലവില്‍ അതൊന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അത് നടപ്പാക്കണമെന്നാണ് കത്തില്‍ ഞങ്ങള്‍ മുന്നോട്ടുവച്ച പ്രധാന കാര്യം.
എന്നാല്‍, ഇക്കാരണത്താല്‍ ഞങ്ങള്‍ പലഭാഗത്തുനിന്ന് ആക്രമിക്കപ്പെടുന്നു. കത്തില്‍ ഒപ്പിട്ടതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദിനെതിരേ നടപടിയെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത് നിരാശാജനകമാണ്. ഒരുന്നതന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു നീക്കമുണ്ടായെന്നതിന്റെ ഓഡിയോ പുറത്തുവന്നത് ആശങ്കപ്പെടുത്തുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് ഇതിലൊന്നും ഭയമില്ല.
മനസുകൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസുകാരനാണ്. അത് എക്കാലവും അങ്ങനെതന്നെ തുടരുകയും ചെയ്യും. ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയവരാണ് കത്തെഴുതിയതെന്ന റിപോര്‍ട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഞാനും ബിജെപിയും ഉത്തരധ്രുവവും ദക്ഷിണധ്രുവവുമാണ്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ഇഴുകിച്ചേര്‍ന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.