രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; 24 മണിക്കൂറിനിടെ 1.32 ലക്ഷം പുതിയ കേസുകള്‍, മരണം 3,207
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ വിവിധ സംസ്ഥാനങ്ങളിലായി റിപോര്‍ട്ട് ചെയ്തത് 1,32,788 പുതിയ കൊവിഡ് 19 കേസുകളാണ്. 24 മണിക്കൂറിനിടയില്‍ 3,207 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുമുണ്ട്. ചൊവ്വാഴ്ച 2,795 പേരായിരുന്നു മരിച്ചത്. രാജ്യത്ത് ഇതുവരെ 2,83,07,832 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 3,35,102 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 2,61,79,085 പേര്‍ രോഗമുക്തി നേടി. 17,93,645 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുളളത്.
കഴിഞ്ഞ ഒരുദിവസം മാത്രം 2,31,456 പേര്‍ രോഗമുക്തരായി. ഇതുവരെ 21,85,46,667 പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ മാസം ഒരുദിവസം 4.14 ലക്ഷം കേസുകളുമായി ആഗോളതലത്തില്‍ റെക്കോര്‍ഡ് രോഗികളുടെ പട്ടികയിലായിരുന്നു ഇന്ത്യ. ഇന്ന് രാവിലെ രാജ്യത്തെ പോസിറ്റീവിറ്റി നിരക്ക് 6.57 ശതമാനമാണ് രേഖപ്പെടുത്തിയത്. 26,513 രോഗികള്‍ റിപോര്‍ട്ട ചെയ്ത് തമിഴ്‌നാടാണ് കേസുകളില്‍ മുന്നില്‍.
ലോക്ക് ഡൗണ്‍ കൂടുതല്‍ നീട്ടാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്നലെ പറഞ്ഞത്. രാജ്യത്ത് പല സംസ്ഥാനങ്ങളും കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡോണിനെത്തുടര്‍ന്നാണ് രോഗികഴളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കുട്ടികളിലെ കൊവിഡ് കേസുകള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച സൂചിപ്പിച്ചു. ആദ്യത്തെ കൊവിഡ് തരംഗം പ്രധാനമായും പ്രായമായവരെ ലക്ഷ്യം വച്ചപ്പോള്‍ രണ്ടാമത്തെ തരംഗം ചെറുപ്പക്കാരെയാണ് ബാധിച്ചത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകമെമ്പാടും 17.11 കോടി കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 35.64 ലക്ഷം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.