ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദംകൊണ്ട്; വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ഥികളില്‍ 7.25 ലക്ഷം വിദ്യാര്‍ഥികളും അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയിലും നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കടുത്ത സമ്മര്‍ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. പ്രവേശന പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോവുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപകവിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ ഡിഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്. ഞങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും നിരന്തരമായ സമര്‍ദമുണ്ട്. അവരുടെ ചോദ്യം എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ്.
വിദ്യാര്‍ഥികള്‍ വളരെ ആശങ്കയിലാണ്. പരീക്ഷയ്ക്കായി ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തങ്ങളുടെ ഒരുവര്‍ഷം നഷ്ടപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നില്ല. ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ഥികളില്‍ 7.25 ലക്ഷം വിദ്യാര്‍ഥികളും അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. അതുകഴിഞ്ഞ് മാത്രമാണ് വിദ്യാഭ്യാസം. പരീക്ഷകള്‍ സുരക്ഷിതമായ രീതിയില്‍ നടത്തുന്നുവെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഉറപ്പാക്കും.
ജെഇഇ, നീറ്റ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ മാസ്‌കുകളും കൈയുറകളും ധരിക്കുകയും കുപ്പി വെള്ളവും ഹാന്‍ഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോവണം. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
പരീക്ഷകള്‍ സപ്തംബര്‍ മാസത്തില്‍ നടത്തരുതെന്ന് പല സംസ്ഥാനങ്ങളിലെയും മന്ത്രിമാരും ആവശ്യപ്പെട്ടു. ഇതിനിടെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി സുപ്രിംകോടതി തള്ളി. ഇതിന് പിന്നാലെ ജെഇഇ, നീറ്റ് പരീക്ഷകള്‍ നേരത്ത തീരുമാനിച്ച ദിവസങ്ങളില്‍തന്നെ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി ആവര്‍ത്തിച്ചു. ജെഇഇ(മെയിന്‍) സപ്തംബര്‍ 1 മുതല്‍ 6 വരെയുള്ള ദിവസങ്ങളിലും നീറ്റ് സപ്തംബര്‍ 13ാം തിയ്യതിയുമാണ് നടക്കുക. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കാനാവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.