ഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ് കുറിപ്പെഴുതി വ്യവസായിയും ഭാര്യയും ജീവനൊടുക്കി

Update: 2024-12-14 11:40 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആറ് പേജുള്ള കുറിപ്പെഴുതിവെച്ച് വ്യവസായിയും ഭാര്യയും ജീവനൊടുക്കി. കോണ്‍ഗ്രസ് അനുഭാവിയായ വ്യവസായി മനോജ് പര്‍മറും ഭാര്യ നേഹ പര്‍മറുമാണ് ജീവനൊടുക്കിയത്. ഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് മനോജിനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ്. ഇക്കഴിഞ്ഞ ഡിസംബറില്‍ മനോജിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മനോജ് പര്‍മറുടെയും ഭാര്യയുടെയും മരണത്തില്‍ ഇഡിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ രാഹുല്‍ ഗാന്ധിക്ക് ദമ്പതികളുടെ മക്കള്‍ ഒരു കുടുക്ക സമ്മാനിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനോജ് പര്‍മറിനെ ഇഡി വേട്ടയാടിയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത്.

മനോജിന്റെയും ഭാര്യയുടെയും ആത്മഹത്യയല്ല, മറിച്ച് കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.






Tags:    

Similar News