ലോക്‌സഭാ തിരഞ്ഞെടുപ്പ്; എന്‍ഡിഎ നേരിടാന്‍ പ്രതിപക്ഷ സഖ്യം തയ്യാര്‍; പേര് INDIA

സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കളും പേരിനെ അനൂകൂലിച്ചതായാണ് വിവരം.

Update: 2023-07-18 14:57 GMT

ഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കളും പേരിനെ അനൂകൂലിച്ചതായാണ് വിവരം.

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കചഉകഅ എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ തീരുമാനിച്ചതായി എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്തു. സഖ്യത്തിന് INDIA എന്ന പേരിടാനുള്ള നിര്‍ദേശം യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത ഏറെ പ്രശംസിക്കപ്പെട്ടുവെന്നും മറ്റെല്ലാ പാര്‍ട്ടികളും ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.

2024-ല്‍ ടീം ഇന്ത്യയും ടീം എന്‍.ഡി.എയും തമ്മിലാണ് മത്സരമെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. യോഗത്തിന് പിന്നാലെ ചക്ദേ ഇന്ത്യ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ വിജയിക്കും എന്നായിരുന്നു കോണ്‍ഗ്രസ് ലോക്സഭാ എം.പി മാണിക്കം ടാഗോറിന്റെ ട്വീറ്റ്.

ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയുടെ ആശയത്തെ ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു.


 

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് പേര്. ഇതില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. ഇന്ത്യ സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. തീയതി നിശ്ചയിച്ചിട്ടില്ല. ഈ യോഗത്തിലായിരിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.

കഴിഞ്ഞമാസം 23-ന് പട്‌നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ഇന്ന് ബെംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തിനെത്തി. എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

'പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയും സിബിഐ, ഇഡി, വിജിലന്‍സ് എന്നിവയെ ഉപയോഗിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും തകര്‍ക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തെ രക്ഷിക്കാനാണ് ഞങ്ങള്‍ ഒന്നിച്ചത്. രാജ്യത്തേയും രാജ്യത്തെ ജനങ്ങളേയും എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള വിഷയം', പ്രതിപക്ഷ യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.






Tags:    

Similar News