ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ്

ഷിബു സോറന്റെ വസതിയിലെ 17 ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് പിടിപെട്ടിരുന്നു.

Update: 2020-08-22 09:10 GMT

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയും ജെഎംഎം നേതാവുമായ ഷിബു സോറനും ഭാര്യ രൂപി സോറനും കൊവിഡ് സ്ഥിരീകരിച്ചു. ഷിബു സോറന്റെ വസതിയിലെ 17 ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് പിടിപെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. വൈകീട്ടോടെ കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം ലഭിച്ചു.

ഷിബു സോറന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയില്‍ ക്വാറന്റൈനിലുള്ള ഇരുവരെയും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെഎംഎം ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു. ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് മുഖ്യമന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുന്നത്.

നേരത്തെ രണ്ടുതവണയും കൊവിഡ് ഫലം നെഗറ്റീവായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യമന്ത്രി ബന്ന ഗുപ്തയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പരിശോധന നടത്തിയത്. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പരിശോധനയിലാണ് ആരോഗ്യമന്ത്രിക്ക് കൊവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവരുന്നത്. താനുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാവണമെന്ന് മുഖ്യമന്ത്രി നേരത്തെ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News