ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി; സുര്‍ജെവാലയും മുന്‍മുഖ്യമന്ത്രിയും മല്‍സരിക്കും
മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലന്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയും മല്‍സര രംഗത്തുണ്ടാവും. കലാപക്കൊടിയുയര്‍ത്തിയ ഹരിയാന മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിന് സീറ്റ് ഇല്ല.
ന്യൂഡല്‍ഹി: നിലവിലെ 17 എംഎല്‍എമാരില്‍ 16 പേരെയും ഉള്‍പ്പെടുത്തി ഹരിയാനയിലെ 84 സ്ഥാനാര്‍ത്ഥികളുടെയും പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലന്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയും മല്‍സര രംഗത്തുണ്ടാവും. കലാപക്കൊടിയുയര്‍ത്തിയ ഹരിയാന മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വറിന് സീറ്റ് ഇല്ല. മഹാരാഷ്ട്രയിലെ അവസാന 20 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഭൂപീന്ദര്‍ സിങ് ഹൂഡ ഗര്‍ഹി സാംപ്ല കിലോയില്‍ നിന്നും കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കൈത്താലില്‍ നിന്നും മത്സരിക്കും. ഐഎന്‍എല്‍ഡി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അശേക് അറോറയ്ക്കും, ജെപി സിംഗിനും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. കുല്‍ദീപ് ബിഷ്‌ണോയി ആദംപൂരില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകന്‍ ചന്ദര്‍ മോഹനും സീറ്റ് നല്‍കിയിട്ടുണ്ട്.
മുന്‍ നിയമസഭ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ ഗനൗറില്‍ നിന്ന് മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബെന്‍സി ലാലിന്റെ മകനും മരുമകള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. മകന്‍ രണ്‍വീര്‍ മഹിന്ദ്ര ബദ്രയിലും മരുമകള്‍ കിരണ്‍ ചൗധരി തോഷമിലും മത്സരിക്കും. ഒക്ടോബര്‍ 21നാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. 24ന് ഫലപ്രഖ്യാപനം.