നിയമവിരുദ്ധ തടങ്കലിനെതിരേ ഹാഥ്‌റസ് ഇരയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍
സപ്തംബര്‍ 29 മുതല്‍ ജില്ലാ ഭരണകൂടം കുടുംബത്തെ തടവിലാക്കിയിരിക്കുകയാണ്. ആരെയും കാണുന്നതിനോ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതിനോ അനുവാദമില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും അനുവദമില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
അലഹബാദ്: അധികാരികളുടെ വേട്ടയാടലിനെതിരേ നീതി തേടി ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹാഥ്‌റസ് ജില്ലാ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ വീട്ടുതടങ്കലില്‍നിന്ന് മോചനമാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അഖിലഭാരതീയ വാത്മീകി മഹാപഞ്ചായത്ത് എന്ന ദലിത് സംഘടനയുടെ ദേശീയ സെക്രട്ടറി സുരേന്ദ്രന്‍കുമാര്‍ ആണ് പെണ്‍കുട്ടിയുടെ കുടുംബത്തിനായി കോടതിയെ സമീപിച്ചത്.
സപ്തംബര്‍ 29 മുതല്‍ ജില്ലാ ഭരണകൂടം കുടുംബത്തെ തടവിലാക്കിയിരിക്കുകയാണ്. ആരെയും കാണുന്നതിനോ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതിനോ അനുവാദമില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും അനുവദമില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ അനധികൃത തടവില്‍നിന്ന് മോചിപ്പിക്കുന്നതിനും വീട്ടില്‍നിന്ന് ഇറങ്ങാനും ആളുകളെ കാണാനും അനുവദിക്കുന്നതിനും കോടതി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
നിയമവിരുദ്ധ നടപടിയിലൂടെ സംസാരസ്വാതന്ത്ര്യത്തിനുള്ള അവകാശവും വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശവും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. ബുധനാഴ്ചയാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് ഹരജി സമര്‍പ്പിച്ചത്. കോടതി ഇന്ന് ഹരജിയില്‍ വാദം കേള്‍ക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്, മാതാവ്, രണ്ട് സഹോദരന്മാര്‍, രണ്ട് കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലാണ് ഹരജി നല്‍കിയിരിക്കുന്നത്.