ജഗദീപ് ധന്‍കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

Update: 2024-12-10 10:37 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് നോട്ടീസ്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും നസീര്‍ ഹുസൈനും രാജ്യസഭാ സെക്രട്ടറി പിസി മോദിക്കാണ് നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഎംസി, സിപിഐ, സിപിഎം, ജെഎംഎം, എഎപി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍നിന്നുള്ള അറുപതോളം പ്രതിപക്ഷ എംപിമാര്‍ നോട്ടീസില്‍ ഒപ്പുവെച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍ പേഴ്സണ്‍ സോണിയാ ഗാന്ധി തുടങ്ങിയവര്‍ ഒപ്പ് വച്ചിട്ടില്ലെന്നാണ് വിവരം.

നിരവധി വിഷയങ്ങളില്‍ രാജ്യസഭാ അധ്യക്ഷനുമായി അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്. ഏറ്റവും ഒടുവിലായി തിങ്കളാഴ്ച രാജ്യസഭയില്‍ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് വിഷയത്തില്‍ പാര്‍ലമെന്റില്‍ വാക്കുതര്‍ക്കവും ബഹളവും നടന്നിരുന്നു. രാജ്യസഭാ അധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് എംപി ദ്വിഗ്വിജയ് സിങ് ആരോപിച്ചിരുന്നു. വേദനാജനകമായ തീരുമാനമാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു നടപടിയെടുക്കേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ കുറിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിനായി പോരാടുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ടിഎംസി എംപിയും രാജ്യസഭയിലെ ഉപനേതാവുമായി സാഗരിക ഘോഷ് പറഞ്ഞു. വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനു നോട്ടീസ് നല്‍കുന്നതിന് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.




Tags:    

Similar News