കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര
വിമാനമാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. വിമാനത്താവളത്തില്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയും റെയില്‍വേ സ്റ്റേഷനില്‍ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക.
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിമാനമാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. വിമാനത്താവളത്തില്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയും റെയില്‍വേ സ്റ്റേഷനില്‍ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക. പരിശോധനകള്‍ നടത്തിയതിനുശേഷം മാത്രമേ അവരെ വീട്ടിലേക്ക് പോവാന്‍ അനുവദിക്കൂ.
കൊവിഡ് സ്ഥിരീകരിക്കുന്നവരെ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികില്‍സയ്ക്ക് വിധേയമാക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ 2020 നവംബര്‍ 23ന് പുറത്തിറക്കിയ ഉത്തരവിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ലക്ഷണങ്ങളില്ലാത്ത യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശനം അനുവദിക്കും. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് തിരിച്ചുപോവാനും സുഖം പ്രാപിക്കുന്നതുവരെ അവരുടെ വീട്ടിലേക്ക് പോവാനുമുള്ള ഓപ്ഷനുണ്ടായിരിക്കും.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രക്കാരെ വേര്‍തിരിച്ച് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കില്‍ യാത്രക്കാരെ മഹാരാഷ്ട്രയിലേക്ക് കൂടുതല്‍ യാത്രചെയ്യാന്‍ അനുവദിക്കും. ബുധനാഴ്ച കേരളത്തില്‍ കൊവിഡ് ചികില്‍സയിലുള്ള കേസുകള്‍ 64,390 ല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാര്‍ക്ക് മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ ആകെ കൊവിഡ് ബാധിതര്‍ 9.83 ലക്ഷമാണ്. രാജ്യത്ത് ആകെ സജീവ കേസുകളില്‍ 1,41,511 ആണ്. മഹാരാഷ്ട്രയില്‍ 35,917 പേരാണ് ചികില്‍സയിലുള്ളത്.