പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി മന്ത്രി നരോത്തം മിശ്ര
പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്. എന്നിട്ട് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇവിഎമ്മില്‍ അട്ടിമറി നടന്നുവെന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തുവരുമെന്നും മിശ്ര അഭിപ്രായപ്പെട്ടു.
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവര്‍ഷവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രംഗത്ത്. രാഹുല്‍ ഗാന്ധി കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കുകയും നീന്തുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി മന്ത്രിയുടെ പരിഹാസം. പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്. എന്നിട്ട് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇവിഎമ്മില്‍ അട്ടിമറി നടന്നുവെന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തുവരുമെന്നും മിശ്ര അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന റാലിയോട് താരതമ്യപ്പെടുത്തിയായിരുന്നു മന്ത്രി രാഹുലിനെതിരേ ആഞ്ഞടിച്ചത്. രണ്ടും തമ്മിലുള്ള വ്യത്യാസം നോക്കുക. മോദി തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്‌നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തിവരികയാണ്. എന്നാല്‍, പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്. പിന്നീട് അവര്‍ ഇവിഎം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്യും- നരോത്തം മിശ്ര കുറ്റപ്പെടുത്തി. രാഹുലിന്റെ കൊല്ലം പര്യടനത്തിനിടെയാണ് ബോട്ടില്‍ സഞ്ചരിക്കവെ പ്രാദേശിക മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടുകയും നീന്തുകയും ചെയ്തത്.