ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് നാലരയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Update: 2020-11-16 04:20 GMT

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി നാലാംവട്ടമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദവിയിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് നാലരയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് കുമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.

എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നാണ് സൂചന. തര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാവും ഉപമുഖ്യമന്ത്രിമാരാവുക. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തര്‍കിഷോര്‍ പ്രസാദിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. നിതീഷ് കുമാറും ബിജെപി നേതാക്കളും തമ്മില്‍ രാത്രി വൈകിയും നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമായത്. ഇക്കഴിഞ്ഞ ടേമില്‍ ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയായിരുന്നു നിതീഷ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി.

സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരുപോലെ അവകാശവാദമുന്നയിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാന്‍ കഴിഞ്ഞത്. ബിഹാറിലെ വിജയത്തിന് പിന്നാലെ എന്‍ഡിഎ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചിരുന്നു. ബിഹാര്‍ ജനത തനിക്ക് ഒരവസരംകൂടി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വികസനം നടക്കുമെന്നുമായിരുന്നു നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News