വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ബിജെപിക്കും സിപിഎമ്മിനും ഇരുട്ടടി

Update: 2019-03-23 10:59 GMT


പിസി അബ്ദുല്ല

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് സിപിഎമ്മിന് ഇടിത്തീ. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മോഹങ്ങള്‍ക്കു മേലുള്ള കനത്ത പ്രഹരവും. 'ഭാവി പ്രധാനമന്ത്രി' വയനാട്ടില്‍ ജനവിധി തേടാനെത്തുന്നതോടെ കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം രൂപപ്പെടാനുള്ള സാധ്യതയാണ് സിപിഎമ്മിനെ ആശങ്കയിലാക്കുന്നത്. 2014ലെ സീറ്റു നില ഇത്തവണ കേരളത്തില്‍ നില നിര്‍ത്താനായില്ലെങ്കില്‍ ലോക്‌സഭയില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം വട്ടപ്പൂജ്യമായേക്കുമെന്ന വിലയിരുത്തല്‍ സിപിഎമ്മിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്.

 17ാം ലോക്‌സഭയില്‍ കേരളം മാത്രമാണ് സിപിഎമ്മിന് ആശ്രയിക്കാനുള്ളത്. ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ അവിടങ്ങളില്‍ വിജയ പ്രതീക്ഷയില്ല. ബംഗാളിലെയും ത്രിപുരയിലേയും ശൂന്യത ഇത്തവണ കേരളം കൊണ്ട് നികത്തണമെന്ന ലക്ഷ്യത്തോടെയാണ് ഘടക കക്ഷികള്‍ക്ക് പോലും സീറ്റ് നല്‍കാതെ 16 സീറ്റില്‍ സിപിഎമ്മും 4 സീറ്റില്‍ സിപിഐയും മല്‍സരിക്കുന്നത്. ശബരിമല പ്രതിസന്ധി കൂടി നിലനില്‍ക്കെ, നിലവിലുള്ളതിന് പുറമെ രണ്ടു സീറ്റെങ്കിലും സംസ്ഥാനത്ത് അധികം നേടണമെന്ന് കണക്കു കൂട്ടിയാണ് പുതുമുഖ യുവാക്കള്‍ക്ക് പോലും സീറ്റ് നല്‍കാതെ ജന പ്രിയരായ എംഎല്‍എ മാരെ സിപിഎം ലോക്‌സഭയിലേക്ക് അങ്കത്തിനിറക്കിയത്. എന്നാല്‍, 2014ല്‍ രണ്ടു സ്വതന്ത്രരടക്കം സിപിഎം വിജയിച്ച ഏഴു സീറ്റിലും സിപിഐ വിജയിച്ച ഒരു സീറ്റിലുമടക്കം 20 മണ്ഡലങ്ങളിലും വയനാട്ടില്‍ നിന്നുള്ള രാഹുല്‍ തരംഗം ആഞ്ഞു വീശുമോ എന്നതാണ് ഇടതു മുന്നണി നേരിടുന്ന പുതിയ വെല്ലു വിളി.

വടകരയില്‍ പി ജയരാജനെതിരെ കെ മുരളീധരന്‍ വന്നതോടെ മലബാറിലെ നാലു മണ്ഡലങ്ങളില്‍ രൂപപ്പെട്ടുവെന്ന് പ്രചരിക്കപ്പെടുന്ന യുഡിഎഫ് ആവേശം രാഹുലിന്റെ കൂടി രംഗ പ്രവേശത്തോടെ സംസ്ഥാനത്ത് ആകെ പടര്‍ന്നാല്‍ ലോക്‌സഭയില്‍ ഇടത് എംപിമാരില്ലാതാവുമെന്നതാവും ഫലം. രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനോട് കോടിയേരിയടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളില്‍ ആശങ്കയുടെ ആഴം പ്രകടമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മോഹങ്ങള്‍ക്കുമേല്‍ ആശങ്കയുടെ കരിമ്പടമാവുമെന്നതില്‍ തര്‍ക്കമില്ല. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ബിജെപിക്ക് ഇപ്പോള്‍ 21 എംപിമാരാണുള്ളത്. ഇതിര്‍ ഏറ്റവും കൂടുതല്‍(17) എംപിമാരുള്ള കര്‍ണ്ണാടകയിലാണ് ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റു മുട്ടുന്നത്. കര്‍ണ്ണാടകയില്‍ വര്‍ധിച്ച പ്രതീക്ഷയായിരുന്നു ഇത്തവണ ബിജെപിക്ക്. കര്‍ണ്ണാടകയുടെ നഗരമേഖലകളില്‍ നരേന്ദ്രമോദിയെ അപേക്ഷിച്ച് രാഹുലിന്റെ സ്വീകാര്യത കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും ഗ്രാമീണ മേഖലകളില്‍ നേട്ടം കൊയ്യാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍, കര്‍ണ്ണാടകയോട് തൊട്ടുരുമ്മി നില്‍കുന്ന വയനാട്ടില്‍ മല്‍സരിക്കുന്നതോടെ രാഹുല്‍ തരംഗം കര്‍ണ്ണാടകയിലെ ഗ്രാമീണ മേഖലകളിലും ആഞ്ഞു വീശിയാല്‍ ബിജെപിക്ക് വലിയ തരിച്ചടിയാവാം ഫലം. ഭാവി പ്രധാനമന്ത്രി പരിവേഷമുള്ള രാഹുലിന്റെ കേരളത്തിലെ മല്‍സരം തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ കുറവു വരാനിടയുള്ള സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് നേടാമെന്ന ബിജെപി മോഹം വിഫലമാവും. 

Tags:    

Similar News