രാജിസന്നദ്ധത അറിയിച്ച് രാഹുല്‍; പിന്തിരിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

ദേശീയ തലത്തിലുണ്ടായ തിരിച്ചടികള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരേ മല്‍സരിച്ച് പരാജയപ്പെട്ടതാണ് നേതൃപദവി ഒഴിയാന്‍ രാഹുലിനെ കൂടുതല്‍ പ്രേരിപ്പിച്ചത്.

Update: 2019-05-24 03:03 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി. ദേശീയ തലത്തിലുണ്ടായ തിരിച്ചടികള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരേ മല്‍സരിച്ച് പരാജയപ്പെട്ടതാണ് നേതൃപദവി ഒഴിയാന്‍ രാഹുലിനെ കൂടുതല്‍ പ്രേരിപ്പിച്ചത്. എന്നാല്‍, സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രാഹുലിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ചതായാണ് റിപോര്‍ട്ടുകള്‍.

എഐസിസി പ്രവര്‍ത്തക സമിതി ചേരുംവരെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തുന്നതിനും മറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെയാണ് ചേരുക. ഹിന്ദി ഹൃദയഭൂമിയിലടക്കം കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്. യുപിയില്‍ ഒരൊറ്റ സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് പിടിച്ചെടുത്ത മധ്യപ്രദേശും രാജസ്ഥാനും നിലനിര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

44 സീറ്റുകളെന്ന ദയനീയ തോല്‍വിയില്‍ നിന്ന് നില മെച്ചപ്പെടുത്തിയേക്കാമെങ്കിലും മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരു വെല്ലുവിളിയാവാന്‍ പോലും രാഹുലിനായില്ലെന്നും വിമര്‍ശനമുണ്ട്. ഇതിന്റെ കാര്യകാരണങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. രാജ്യതലസ്ഥാനത്ത് ചേരുന്ന പ്രവര്‍ത്തക സമിതിക്കുശേഷമാവും തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് പാര്‍ട്ടിയുടെ കൂടുതല്‍ പ്രതികരണങ്ങളുണ്ടാവുക. അതേസമയം, രാഹുല്‍ രാജിവയ്ക്കുമെന്ന റിപോര്‍ട്ടുകള്‍ പാര്‍ട്ടിയും തള്ളിക്കളഞ്ഞിട്ടുണ്ട്.

തോല്‍വിക്കുശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചോ എന്ന ചോദ്യത്തിന് ഇത് താനും പ്രവര്‍ത്തകസമിതിയും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേയെന്നാണ് രാഹുല്‍ തിരികെ ചോദിച്ചത്. രാജിസന്നദ്ധത അറിയിച്ചെന്ന റിപോര്‍ട്ടുകള്‍ക്ക് വ്യക്തമായ മറുപടി പറയാനോ തള്ളാനോ രാഹുല്‍ തയ്യാറായതുമില്ല. രാഹുലിന്റെ രാജി തീരുമാനം എഐസിസി പ്രവര്‍ത്തക സമിതി പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിട്ടുണ്ട്. 

Tags:    

Similar News