വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ച കേസ്: തമിഴ്‌നാട് മുന്‍മന്ത്രി മണികണ്ഠന് ഉപാധികളോടെ ജാമ്യം
ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട്ടിലെ മുന്‍ എഐഎഡിഎംകെ മന്ത്രി എം മണികണ്ഠന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് എം നിര്‍മല്‍കുമാര്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയുടെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു മണികണ്ഠന്റെ വാദം. രണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നത്. ഈ കേസിലെ ഇര ഒരു കൗമാരക്കാരിയോ നിരക്ഷരനോ അല്ല.
ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തിയാണ്. മണികണ്ഠന്‍ വിവാഹിതനാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. ഭാര്യയും കുടുംബവുമുള്ള വിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ മണികണ്ഠനുമായി ബന്ധം സ്ഥാപിച്ചത്. ഇതെല്ലാം അറിഞ്ഞിട്ടും അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ അത് വിവാഹവാഗ്ദാനം നല്‍കിയതിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് ആരോപിക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിനാല്‍, പരാതിക്കാരിയുടെ ആരോപണത്തില്‍ ബലാല്‍സംഗ വകുപ്പ് പ്രകാരം കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഇത് പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ ജൂണ്‍ 20നാണ് മണികണ്ഠനെ പോലിസ് അറസ്റ്റുചെയ്തത്. പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും മൂന്നുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മലേസ്യക്കാരിയായ നടി പരാതിയില്‍ ആരോപിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പ് അഡയാര്‍ ഓള്‍വുമണ്‍ പോലിസാണ് കേസെടുത്തത്. പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ടുകുറ്റങ്ങളാണ് മുന്‍മന്ത്രിക്കെതിരേ ചുമത്തിയത്. മലേസ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മണികണ്ഠനും തമ്മില്‍ 2017ല്‍ പരിചയപ്പെടുന്നത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.