ദുരഭിമാനക്കൊല: തമിഴ്‌നാട്ടില്‍ നവദമ്പതിമാരെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു
മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു.
ചെന്നൈ: കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹിതരായ യുവതിയേയും യുവാവിനേയും പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഇവരെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലിസ് സ്‌റ്റേഷനില്‍ കീഴങ്ങിയതായി പോലിസ് അറിയിച്ചു.
മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. മധുര പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ദമ്പതിമാര്‍ തങ്ങളിരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായെന്നും മൊഴി നല്‍കി. രേഷ്മയുടെ ബന്ധുക്കളുമായി സ്റ്റേഷനില്‍ നിന്നുതന്നെ ഇവര്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയും ചെയ്തിരുന്നു.
ദമ്പതിമാര്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ദമ്പതിമാരെ തിരയാനോ പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാനോ ശ്രമിക്കേണ്ടതില്ലെന്ന് ഗ്രാമത്തിലെ മുതിര്‍ന്ന വ്യക്തികള്‍ വീട്ടുകാരെ ഉപദേശിക്കുകയും ചെയ്തിരുന്നു.
ഒരേ സമുദായക്കാരും അകന്ന ബന്ധുക്കളും കൂടിയാണ് മരിച്ച രേഷ്മയും മാണിക് രാജും. രേഷ്മ കോളജ് വിദ്യാര്‍ഥിനിയാണ്. മാണിക് രാജ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. ഇതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് കാരണം.