ഭാരത് ജെയ്ന്‍; ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകന്‍; ആസ്തി 7.5 കോടി
മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍. ഇതുകേള്‍ക്കുമ്പോള്‍ നിങ്ങൾക്ക് അദ്ഭുദം തോന്നാം.. എന്നാൽ, അങ്ങനെയൊരു പദവിയുണ്ട്. മുംബൈ സ്വദേശിയായ 49കാരൻ ഭാരത് ജെയിനാണ് അതിന് അർഹൻ.
ഒന്നും രണ്ടും ഒന്നുമല്ല ഏഴരകോടിയാണ് ഇയാളുടെ ആസ്തി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല ഭാരത് ജെയിന്‍. മുംബൈയിലെ ദരിദ്രകുടുംബത്തില്‍ ജനിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് വളര്‍ന്നത്. പഠിക്കാനുള്ള അവസരങ്ങളൊന്നും ഭാരത് ജെയിനിന് ഉണ്ടായില്ല.ഒടുവില്‍ ഭിക്ഷാടനത്തിലേക്ക് കടക്കുകയായിരുന്നു. ഒമ്പതാം വയസ്സുമുതല്‍ കുടുംബത്തെ നോക്കാന്‍ ഭിക്ഷാടനത്തിലേക്ക് ഇറങ്ങിയ ഭാരത് ഇപ്പോൾ പ്രതിദിനം 2,000 മുതല്‍ 2, 500 രൂപ വരെ സമ്പാദിക്കുന്നു. ആദ്യകാലങ്ങളില്‍ ഒന്നും തനിക്ക് ഭിക്ഷാടനത്തിലൂടെ ഇത്രയും വരുമാനം കിട്ടിയിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.
പ്രതിമാസം 60,000-75,000 വരെ രൂപയാണ് ഈ മനുഷ്യന്‍ സമ്പാദിക്കുന്നത്. വെറും ഭിക്ഷാടനം കൊണ്ടല്ല ഇയാള്‍ ഏഴരകോടിയുടെ ആസ്തി ഉണ്ടാക്കിയത്. ഭിക്ഷാടനത്തിലൂടെയുള്ള വരുമാനങ്ങള്‍ പലസ്ഥലങ്ങളിലായി നിക്ഷേപിച്ചു. ഇതില്‍ നിന്നുള്ള ലാഭത്തിലൂടെയാണ് ഏഴരകോടിയിലേറെ ആസ്തിയുടെ ഉടമയായത്. കഠിനാദ്ധ്വാനിയായ ഭാരത് ജെയിന്‍ ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യും. സ്വപ്‌നങ്ങളുടെയും ആഡബംരങ്ങളുടെയും അംബരചുംബികളായ കെട്ടിടങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാടായ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ആസാദ് മൈതാനം തുടങ്ങിയ ലൊക്കേഷനുകളിലാണ് ഭാരത് ഭിക്ഷാടനം നടത്തുന്നത്. ഭാരത് 40 വര്‍ഷത്തിലേറെയായി യാചകനായി ജോലിചെയ്യുന്നു.
താന്‍ ഭിക്ഷയെടുക്കുന്ന സ്ഥലത്തിന്റെ ഗുണവും ആളുകളുടെ ദയയുമാണ് തന്റെ നേട്ടങ്ങള്‍ക്കാധാരമെന്ന് ഭാരത് ജെയിന്‍ പറയുന്നു. നിലവില്‍ 1.4 കോടി രൂപ വിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ ഇദ്ദേഹത്തിന് മുംബൈയിലുണ്ട്. മാതാവും പിതാവും ഭാര്യയും രണ്ട് മക്കളും സഹോദരനുമാണ് കുടുംബത്തിലുള്ളത്. താനെയില്‍ രണ്ട് കടകള്‍ ഉണ്ട്. അതിൽ നിന്ന് വാടകയായി പ്രതിമാസം 30,000 രൂപ ലഭിക്കും. ഇയാളുടെ രണ്ടു മക്കളും പ്രശസ്തമായ സ്‌കൂളുകളിലാണ് പഠിച്ചത്. ഇപ്പോള്‍ രണ്ടും പേരും കുടുംബ ബിസിനസില്‍ അച്ചനെ സഹായിക്കുന്നു. ഇവര്‍ക്ക് ഒരു സ്റ്റേഷനറി കടയുമുണ്ട്.
''ഭിക്ഷയെടുക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു, നിര്‍ത്താന്‍ എനിക്ക് ഉദ്ദേശമില്ല. എനിക്ക് അത്യാഗ്രഹമില്ല, ഞാന്‍ പണം ചെലവഴിക്കുന്നവനാണ്. ക്ഷേത്രങ്ങളില്‍ സ്ഥിരമായി സംഭാവന നല്‍കാറുണ്ട് "-ഭാരത് ജെയിന്‍ പറയുന്നു. ജീവിതത്തെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് ഭാരത് ജെയിന്‍. ഇത് തന്നെയാണ് വിജയത്തിന് പിന്നിലെ രഹസ്യവും .. കോടിശ്വരനായിട്ടും ഭാരത് ജെയിന്‍ തന്റെ ഭിക്ഷാടന ജോലി ഒഴിവാക്കിയിട്ടില്ല. നിശ്ചയദാര്‍ഢ്യവും ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുമാണ് ഭാരത് ജെയിനിനെ കോടീശ്വരനായ ഭിക്ഷക്കാരനാക്കി മാറ്റിയത്. ഇന്ത്യയിൽ പ്രതിവർഷം 1.5 ലക്ഷം കോടി രൂപ ഭിക്ഷയായി നൽകപ്പെടുന്നുണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്. സംഭാജി കാലെ എന്ന യാചകന്റെ ആസ്തി 1.5 കോടിയാണ്. ലക്ഷ്മി ദാസ് എന്ന ഒരു സ്ത്രീക്ക് ഒരു കോടിയുടെ ആസ്തിയുമുണ്ട്.