ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്ത് ? ട്വിറ്ററില്‍ ഓണ്‍ലൈന്‍ പോളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരേ ഓണ്‍ലൈന്‍ പോളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്തെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ പൊതുജനാഭിപ്രായം തേടിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയങ്ങള്‍ എന്തൊക്കെ ? എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് വോട്ടുചെയ്യാനുള്ള നാല് ഓപ്ഷനുകളും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, നികുതി വെട്ടിപ്പ്, വിലവര്‍ധന, വെറുപ്പിന്റെ രാഷ്ട്രീയം എന്നീ നാല് ഓപ്ഷനുകളാണ് ഉത്തരങ്ങളായി നല്‍കിയിട്ടുള്ളത്.
भाजपा सरकार की सबसे बड़ी कमी क्या रही है?
— Rahul Gandhi (@RahulGandhi) January 15, 2022
ഒന്നരലക്ഷത്തോളം ട്വിറ്റര്‍ ഉപഭോക്താക്കളാണ് നിലവില്‍ ഈ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ വോട്ടുചെയ്തത് വെറുപ്പിന്റെ രാഷ്ട്രീയം എന്ന ഓപ്ഷനിലാണ്. തൊഴിലില്ലായ്മയാണ് രണ്ടാമത്. 30 ശതമാനം ആളുകളാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറാണ് ട്വിറ്റര്‍ ഇത്തരം പോളുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരായ ആക്രമണം രാഹുല്‍ ഗാന്ധി കടുപ്പിച്ചിരിക്കുകയാണ് എന്നതാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വിദേശത്തായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടന്നതായി നേതൃത്വം വ്യക്തമാക്കിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെയാവും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക. നിലവില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ഭരണം നിലനിര്‍ത്തുന്നതോടൊപ്പം ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഭരണം പിടിക്കുകയും ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയായി മാറാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കുന്നത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നതെന്നതിനാല്‍ ബിജെപിയെയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. ബിജെപിയെ പരാജയപ്പെടുത്താനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഊര്‍ജം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.