ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌നേഹ, സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം
കൊച്ചി:സ്‌നേഹ, സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു. ഫാഷിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന്‍ കടന്നു പോകുന്നത് തീരാനഷ്ടമാണ്. അദ്ദേഹം എന്നും സ്‌നേഹവാത്സല്യങ്ങള്‍ തന്നിരുന്നു. കൃത്യമായ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും വി ഡി സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.