ഹജ്ജ് തീര്‍ഥാടനം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നെടുമ്പാശേരിയിലില്‍ അവലോകന യോഗം ചേര്‍ന്നു
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സിയാല്‍ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അടിയന്തിരമായി നടത്തേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്
നെടുമ്പാശേരി : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി ഹജ്ജ് ക്യാംപ് സംഘടിപ്പിക്കേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നതിനായി കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ലില്‍ അവലോകന യോഗം ചേര്‍ന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സിയാല്‍ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അടിയന്തിരമായി നടത്തേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതിനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് സിയാല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രയാകുന്നത്. 8000 ത്തോളം തീര്‍ഥാടകര്‍ ഇത്തവണ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി ഹജ്ജിന് പോകുമെന്നാണ് കണക്കാക്കുന്നത്. ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം 56601 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും 5747 പേര്‍ക്കാണ് അവസരം ലഭിക്കുക. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മെയ് 31 മുതല്‍ ജൂണ്‍ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ പോയിന്റ് ഉള്‍പ്പെട്ടിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മദീനയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകളുടെ മടക്കയാത്ര ജിദ്ദയില്‍ നിന്നായിരിക്കും.നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം ഒമ്പതിന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മുന്‍ ഹജ്ജ് സെല്‍ ഓഫീസറും പോലിസ്് സൂപ്രണ്ടുമായ എസ് നജീബ്, സിയാല്‍ എക്‌സി.ഡയറക്ടര്‍മാരായ എസികെ നായര്‍, എ എം ഷബീര്‍, ഓപ്പറേഷന്‍ മാനേജര്‍ ദിനേശ്, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുഹ്‌സിന്‍ അഹമ്മദ്, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം മുസമ്മില്‍ ഹാജി, അസി. സെക്രട്ടറി മുഹമ്മദാലി, കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ്, മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ എന്‍ പി ഷാജഹാന്‍, സലിം, കുഞ്ഞുമുഹമ്മദ്, സി എം അസ്‌കര്‍ പങ്കെടുത്തു.