കെഎസ്‌ആർടിസി ബസ് വെള‌ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

സംഭവത്തിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ മോട്ടോ‌ർവാഹന വകുപ്പ് ജയദീപിന് നോട്ടീസ് നൽകി

Update: 2021-10-19 13:19 GMT

കോട്ടയം: ജില്ലയിൽ കനത്ത നാശം വിതച്ച മഴയിൽ വെള‌ളപ്പൊക്കമുണ്ടായ പൂഞ്ഞാർ ടൗണിൽ സെന്റ്.മേരീസ് പള‌ളിയുടെ സമീപത്തെ വെള‌ളക്കെട്ടിൽ കെഎസ്‌ആർടിസി ബസ് ഇറക്കിയ ഡ്രൈവർക്കെതിരെ കൂടുതൽ നടപടിയുണ്ടാകും. ഡ്രൈവർ ജയദീപ്.എസിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള‌ള നടപടി ആരംഭിച്ചു.

സംഭവത്തിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ മോട്ടോ‌ർവാഹന വകുപ്പ് ജയദീപിന് നോട്ടീസ് നൽകി. 14 ദിവസങ്ങൾക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള‌ളക്കെട്ടിന് സമീപം നിർത്തിയ ബസ് ജയദീപ് പിന്നീട് വെള‌ളത്തിലേക്ക് ഇറക്കുകയായിരുന്നു.

എന്നാൽ അൽപദൂരം വന്നതും ബസിലേക്ക് വെള‌ളം കയറുന്ന സാഹചര്യമുണ്ടായതോടെ അടുത്തുള‌ള സെന്റ്.മേരീസ് പള‌ളിയുടെ സമീപത്തേക്ക് ബസ് അടുപ്പിച്ചു. യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ സർക്കാർ വാദം തള്ളി ഡ്രൈവറായ ജയദിപ് രം​ഗത്തുവന്നിരുന്നു. താൻ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം.

സംഭവം വൈറലായതോടെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഈരാ‌റ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ കെഎസ്‌ആർ‌ടി‌സി സസ്‌പെൻഡ് ചെയ്‌തിരുന്നു.

Similar News