ബി.ടെക് കൂട്ടകോപ്പിയടി: 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തു വെയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി.

Update: 2020-10-27 09:15 GMT

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ കൂട്ട കോപ്പിയടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായിരുന്നു കൂട്ട കോപ്പിയടി നടത്തിയതെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. നാലു കോളജുകളില്‍ നിന്ന് ആകെ 28 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 16 മൊബൈല്‍ ഫോണുകളും ഒരു കോളേജില്‍ നിന്നാണ് പിടിച്ചെടുത്തത്. 10 മൊബൈല്‍ ഫോണുകള്‍ മറ്റൊരു കോളജില്‍ നിന്നും ഒന്നു വീതം രണ്ടു കോളജുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തു വെയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ പുറത്തു നിക്ഷേപിച്ച ശേഷം മറ്റൊരു മൊബൈല്‍ ഫോണുമായി വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ കയറി. ഓരോ വിഷയങ്ങള്‍ക്കും മാത്രമായി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും 75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ ഇതിലൂടെ കൈമാറുകയും ചെയ്തതായും കണ്ടെത്തി.ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ് അയൂബ്, സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങളായ പ്രൊഫ. പിഒജെ ലബ്ബ, പരീക്ഷ കണ്‍ട്രോളര്‍ ഡോ. കെ.ആര്‍ കിരണ്‍ എന്നിവരടങ്ങിയ സമിതിയാണ് പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയത്. കൂട്ടകോപ്പിയടി നടന്നതായി കണ്ടെത്തിയതോടെ ഈ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.

Tags:    

Similar News