ചങ്ങനാശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പ്: വിപ്പ് ലംഘിച്ച മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍
പരാതികള്‍ അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് കെപിസിസിയ്ക്ക് സമര്‍പ്പിക്കുന്നതിനായി ജനറല്‍ സെക്രട്ടറിമാരായ എം എം നസീര്‍, ജെയ്സണ്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്റ്് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മൂവരെയും സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് കെപിസിസിയ്ക്ക് സമര്‍പ്പിക്കുന്നതിനായി ജനറല്‍ സെക്രട്ടറിമാരായ എം എം നസീര്‍, ജെയ്സണ്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അച്ചടക്കലംഘനം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരത്തിന് മുമ്പായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടംഗസമിതിക്ക് നിര്‍ദേശം നല്‍കിയതായും മുല്ലപ്പള്ളി വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയത്. രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുകയും ഒരംഗത്തിന് വോട്ട് അസാധുവാകുകയുമായിരുന്നു. ഏറെ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് യുഡിഎഫിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്താനായത്. ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാനായി പി ജെ ജോസഫ് വിഭാഗത്തില്‍നിന്ന് സാജന്‍ ഫ്രാന്‍സിസ് 16 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 15 വോട്ടും ലഭിച്ചു. ആദ്യഘട്ട വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജന്‍ ഫ്രാന്‍സിസിന് 16 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി തോമസിന് 15 ഉം ബിജെപി സ്ഥാനാര്‍ഥിക്ക് നാലും വോട്ട് ലഭിച്ചു.
രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി കൂറുമാറി. അതുപോലെ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവുമായി. മറ്റ് കക്ഷികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം യുഡിഎഫിന് ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലായതിനാലും മൂന്നിലൊന്ന് ഭൂരിപക്ഷമില്ലാത്തതിനാലും രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്താന്‍ വരണാധികാരി തീരുമാനിച്ചു. വോട്ടുനിലയില്‍ മൂന്നാമത് വന്ന കക്ഷിയായ ബിജെപിയെ രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് ഒഴിവാക്കി നിര്‍ത്തി. 16 വോട്ടുകള്‍ ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസിന് ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വേണമെന്ന ചട്ടം നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. യുഡിഎഫിലെ കക്ഷികള്‍ക്കിടയിലുള്ള പടലപ്പിണക്കങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയത്.