തിരക്ക് കാരണം റോഡില്‍ ജുമുഅ നമസ്‌കരിച്ചവരെ ചവിട്ടി ഡല്‍ഹി പോലിസ്; പ്രതിഷേധം, സസ്‌പെന്‍ഷന്‍(വീഡിയോ)

Update: 2024-03-08 13:17 GMT

ന്യൂഡല്‍ഹി: മസ്ജിദിലെ തിരക്ക് കാരണം റോഡില്‍ ജുമുഅ നമസ്‌കരിക്കുകയായിരുന്നവരെ ചവിട്ടി ഡല്‍ഹി പോലിസിന്റെ ക്രൂരത. വടക്കന്‍ ഡല്‍ഹിയിലെ ഇന്റല്‍ലോക് ഏരിയയിലാണ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന മുസ് ലിം യുവാക്കളെ യൂനിഫോം അണിഞ്ഞ പോലിസ് ഉദ്യോഗസ്ഥന്‍ ചവിട്ടിയത്. ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും മുഖത്ത് ആക്രമിക്കുകയുമായിരുന്നു. തൊട്ടടുത്തുള്ള ചിലര്‍ പോലിസിനെ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.


Full View

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സമീപസ്ഥലങ്ങളില്‍നിന്നും ആളുകള്‍ സ്ഥലത്തെത്തി. പോലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുകയും നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയും ഉത്തരവാദിയായ പോലിസുകാരനെ സസ്‌പെന്റ് ചെയ്തതായും ഡല്‍ഹി നോര്‍ത്ത് ഡിസിപി മനോജ് മീണ അറിയിച്ചു. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. മസ്ജിദ് നിറഞ്ഞുകവിഞ്ഞതിനാലാണ് യുവാക്കള്‍ റോഡില്‍ നമസ്‌കരിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവം ലജ്ജാകരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം വിമര്‍ശിച്ചു. ഇതിലും നാണക്കേട് മറ്റെന്തുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Tags:    

Similar News