സർക്കാരിനെതിരെ വ്യാജ പ്രചരണം; സപ്ലൈകോ ജീവനക്കാരനായ സിഐടിയു നേതാവിന് സസ്പെൻഷൻ
ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അന്വേഷണത്തിലാണ് പ്രചരണം പുറത്തായത്. കിറ്റ് പാക്ക് ചെയ്യുന്നവർക്ക് 500 രൂപ വീതം നൽകുമെന്നായിരുന്നു പ്രചരണം.
തിരുവനന്തപുരം: സർക്കാരിനെതിരെ വ്യാജ പ്രചരണവുമായി സപ്ലൈകോ ജീവനക്കാരനായ സിഐടിയു നേതാവ്. സർക്കാർ നൽകുന്ന സൗജന്യ കിറ്റ് പാക്ക് ചെയ്യുന്നതിന് പണം നൽകുമെന്നായിരുന്നു പ്രചരണം. സംഭവത്തിൽ സപ്ലൈകോ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പിപ്പീൾസ് ബസാറിലെ സീനിയർ അസിസ്റ്റന്‍റ് എ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു.
ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അന്വേഷണത്തിലാണ് പ്രചരണം പുറത്തായത്. കിറ്റ് പാക്ക് ചെയ്യുന്നവർക്ക് 500 രൂപ വീതം നൽകുമെന്നായിരുന്നു പ്രചരണം. എന്നാൽ സേവനം സൗജന്യമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി സപ്ലൈകോ ജീവനക്കാർക്കൊപ്പം നിയോഗിച്ചിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാറിനെ വിളിച്ചു. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേന വിളിച്ച പ്രൈവറ്റ് സെക്രട്ടറിയോടും പണം നൽകുന്ന കാര്യം അനിൽ കുമാർ ആവർത്തിച്ചു. കിറ്റ് നിറയ്ക്കുന്നവർക്ക് പണം നൽകുന്നതിനുള്ള പണം ഡിപ്പോ മാനേജർമാർക്ക് നൽകിയിട്ടുണ്ടെന്ന് അനിൽകുമാർ ആവർത്തിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. സംഭാഷണത്തിന്‍റെ ശബ്ദരേഖയും പുറത്ത് വന്നു. സപ്ലൈകോ സിഐടിയു യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ സെക്രട്ടറിയാണ് അനിൽകുമാർ. അതേസമയം പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിഐടിയു രംഗത്തെത്തി.