യൂറോപ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.

Update: 2022-10-15 01:13 GMT

തിരുവനന്തപുരം: യൂറോപ് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബയിലേക്ക് നീട്ടിയതും വിവാദമായിരുന്നു.

വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ് പര്യടനത്തിന് പോയത്. എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാരിനുള്ളത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിയിരുന്നു. വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‌‌

Similar News