കൊറോണ: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു തുടങ്ങി; എറണാകുളത്ത് 89 പേരെക്കൂടി നീരീക്ഷണത്തില്‍ ആക്കി

ജില്ലയില്‍ 618 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് ജില്ലയില്‍ നിന്ന് 33 സാമ്പിളുകളാണ് ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, പോലിസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഓരോ നോഡല്‍ ഓഫീസര്‍മാരെ ജില്ലാ തലത്തില്‍ ചുമതലപ്പെടുത്തി

Update: 2020-03-14 15:44 GMT

കൊച്ചി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു തുടങ്ങി. ഇന്ന് 173 പേര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കിയുള്ളവര്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് ജില്ലയില്‍ പുതിയതായി 89 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതില്‍ 86 പേര്‍ വീടുകളിലും 3 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലുമാണ്.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ഇവിടെ 19 പേര്‍ നിരീക്ഷണത്തിലുണ്ട്. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിലവില്‍ 7 പേരാണ് ഉള്ളത്. ജില്ലയില്‍ 618 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് ജില്ലയില്‍ നിന്ന് 33 സാമ്പിളുകളാണ് ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, പോലിസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഓരോ നോഡല്‍ ഓഫീസര്‍മാരെ ജില്ലാ തലത്തില്‍ ചുമതലപ്പെടുത്തി.

മാസ്‌ക്കുകള്‍ ആരും അനാവശ്യമായി ഉപയോഗിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അവയുടെ അനാവശ്യ ഉപയോഗം വിപണിയില്‍ അവയ്ക്ക് ദൗര്‍ലഭ്യം ഉണ്ടാക്കുന്നുവെന്നു ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ആളുകള്‍ വിളിച്ചു അറിയിക്കുന്നുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും തിരികെ വന്ന ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കുന്ന അംഗം,ആശുപത്രികളില്‍ അവരെ ചികില്‍സിക്കുന്നവരും അനുബന്ധ ആശുപത്രി ജീവനക്കാരും മാത്രം മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നും മറ്റുള്ളവര്‍ ആരും തന്നെ നിലവില്‍ ഉപയോഗിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മാസ്‌ക്കുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ വൃത്തിയുള്ള തൂവാല മടക്കി മൂക്കും വായും പൂര്‍ണമായി മറച്ചു ഉപയോഗിക്കാവുന്നതാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. കൗണ്‍സിലര്‍മാരുടെ സേവനം 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News