കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച 89 കാരിയുടെ നില ഗുരുതരമായി തുടരുന്നു

കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്.

Update: 2020-03-11 11:02 GMT

കോട്ടയം: കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 89 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്. മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇറ്റലിയില്‍നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

ചെങ്ങളത്ത് ഇവര്‍ ആദ്യം സന്ദര്‍ശിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ വ്യക്തികളില്‍ ഒരാളാണ് ഡോക്ടര്‍. ചെങ്ങളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയില്‍നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയത്. ഈ 28 പേരോടും വീട്ടില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29നാണ് കുടുംബം ഇറ്റലിയില്‍നിന്ന് കേരളത്തിലെത്തിയത്. ഇറ്റലിയില്‍നിന്നാണ് എത്തിയതെന്ന വിവരം ആരോഗ്യവകുപ്പിനെ ഇവര്‍ അറിയിച്ചിരുന്നില്ല. ഇവരെ സന്ദര്‍ശിച്ച റാന്നി സ്വദേശികളായ ബന്ധുക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം അധികൃതര്‍ അറിയുന്നത്.  

Tags:    

Similar News