കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി
13 അംഗങ്ങളുള്ള മൂന്ന് ടീമുകളാണ് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തുന്നത്. തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ ശരീര താപനില 100 ഡിഗ്രിയില്‍ കൂടുതലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി അയക്കും.
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്രവേശന കവാടത്തിനരികിലെ നീണ്ട വരി കണ്ട് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ പരിശോധനക്കുള്ളതാണ് വരി. ദൂരസ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെത്തുന്നവരുടെ ആരോഗ്യ പരിശോധന റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ടെര്‍മിനല്‍, മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ കര്‍ശനമായി നടക്കുന്നുണ്ട്. കൂടാതെ അഴിയൂര്‍, വടകര, താമരശ്ശേരി, രാമനാട്ടുകര ബോര്‍ഡര്‍, കൊയിലാണ്ടി, മുക്കം എന്നിവിടങ്ങളിലും ജില്ലയില്‍ സമാന സേവനം ലഭ്യമാക്കിയിട്ടുണ്ട്.
13 അംഗങ്ങളുള്ള മൂന്ന് ടീമുകളാണ് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തുന്നത്. തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ ശരീര താപനില 100 ഡിഗ്രിയില്‍ കൂടുതലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി അയക്കും. ആയിരക്കണക്കിന് ആളുകളാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നല്‍കുന്ന സേവനം ദിവസേന ഉപയോഗപ്പെടുത്തുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരുടെ സഞ്ചാരപഥവും വിവരങ്ങളും ആരോഗ്യ പരിശോധനക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ ശേഖരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, വളണ്ടിയര്‍മാര്‍ എന്നിവരാണ് സേവന രംഗത്തുള്ളത്.
കൊവിഡ് 19 മായി ബന്ധപ്പെട്ട സംശയനിവാരണത്തിന് കലക്ട്രേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സ് സൗകര്യം ആവശ്യമാവുന്ന ഘട്ടങ്ങളില്‍ അവ ലഭ്യമാക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ഡ്തല ജാഗ്രതാ കമ്മിറ്റി, പഞ്ചായത്ത് തല ജാഗ്രതാ കമ്മിറ്റി, ജില്ലാതല ജാഗ്രതാ കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുകയാണ്. വാര്‍ഡ് അംഗം, ആരോഗ്യ, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വാര്‍ഡ്തല കമ്മിറ്റി അതത് പ്രദേശങ്ങളില്‍ ബോധവല്‍ക്കരണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് തല കമ്മിറ്റി, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് പഞ്ചായത്ത് തല കമ്മിറ്റി. ജില്ലാതല ജാഗ്രതാ കമ്മിറ്റിക്ക് കീഴില്‍ ട്രയിനിംഗ്, സോഷ്യല്‍മീഡിയ, ഡോക്യുമെന്റെഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
ജില്ലയിലെ എല്ലാ ആശുപത്രികളിലും കോവിഡ് 19 ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ക്കും ബന്ധുക്കള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പതിനഞ്ചോളം കൗണ്‍സിലേഴ്‌സ് മുഖേന മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിങും നല്‍കി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.