എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഉടൻ അറസ്റ്റുചെയ്ത് അന്വേഷണം നടത്തണം: വിമൻ ജസ്റ്റിസ്
പരാതിക്കാരിയെ ഭയപ്പെടുത്താനും നിയമ പോരാട്ടത്തിൽ നിന്ന് പിൻവലിപ്പിക്കാനും പോലിസ് തന്നെ ശ്രമിച്ചു എന്നത് അപഹാസ്യമാണ്. ഇത്തരം ഉദ്യോഗസ്ഥൻമാരെ സ്ഥലം മാറ്റിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. കർശനമായ ശിക്ഷാ നടപടി സ്വീകരിക്കണം.
കോഴിക്കോട്: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരേ യുവതി ലൈംഗിക പീഢനമടക്കമുള്ള ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത് നിയമവാഴ്ചയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
പരാതിക്കാരിയെ ഭയപ്പെടുത്താനും നിയമ പോരാട്ടത്തിൽ നിന്ന് പിൻവലിപ്പിക്കാനും പോലിസ് തന്നെ ശ്രമിച്ചു എന്നത് അപഹാസ്യമാണ്. ഇത്തരം ഉദ്യോഗസ്ഥൻമാരെ സ്ഥലം മാറ്റിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. കർശനമായ ശിക്ഷാ നടപടി സ്വീകരിക്കണം.
ഏത് സ്ഥാനം വഹിക്കുന്ന വ്യക്തിയായാലും നിയമത്തിൻ്റെ മുന്നിൽ തുല്യനായിരിക്കണം. ജനപ്രതിനിധിയായി നിയമനിർമ്മാണ സഭയിലിരിക്കുന്നവർ തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഗൗരവം വർധിക്കുകയാണ് ചെയ്യുന്നത്. അക്രമങ്ങൾക്ക് ഇരയാകുന്നവർക്കാണ് പ്രിവിലേജ് ലഭിക്കേണ്ടത്. അക്രമം കാണിക്കുന്നവർക്കല്ല.
സ്ത്രീ പീഡനക്കേസുകൾ വർധിക്കുകയും പ്രതികൾ പഴുതുകളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോൾ വിവേചനരഹിതമായി നീതി നടപ്പാക്കാൻ സംസ്ഥാന അഭ്യന്തര വകുപ്പ് ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.