ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം: വിജിലന്‍സ് രേഖകള്‍ കൈമാറുന്നില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഹൈക്കോടതയില്‍

വി കെ ഇബ്രാഹിംകുഞ്ഞ് ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പണം കൈമാറിയെന്ന് ആരോപിക്കുന്ന കേസില്‍ വിജിലന്‍സ് രേഖകള്‍ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് കേസ് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. ആറ് തവണ കത്ത് അയച്ചിട്ടും അന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ വിജിലന്‍സ് കൈമാറിയില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി

Update: 2020-07-03 12:00 GMT

കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പണം കൈമാറിയെന്ന് ആരോപിക്കുന്ന കേസില്‍ വിജിലന്‍സ് രേഖകള്‍ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് കേസ് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. ആറ് തവണ കത്ത് അയച്ചിട്ടും അന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ വിജിലന്‍സ് കൈമാറിയില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി. വിജിലന്‍സിന്റെ കൈവശമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ജൂണ്‍ 11, 16, 19, 22, 27, 30 എന്നീ തിയതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിക്ക് കത്തുകളയച്ചു.

ജൂണ്‍ 24 ന് 8 സാക്ഷികളുടെ മൊഴികള്‍ മാത്രം വിജിലന്‍സ് ഡയറക്ടറേറ്റിന് ഇ-മെയില്‍ മുഖേന അയച്ചു കൊടുത്തു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെയും കൂട്ടാളികളുടെയും വീട് പരിശോധിച്ചതിന്റെ മഹസറിന്റെ പകര്‍പ്പുകള്‍ പ്രതികളുടെ മൊഴി പകര്‍പ്പുകള്‍ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള മൂലധനങ്ങളുടെ പട്ടിക, പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളുടെ പകര്‍പ്പ്, പ്രതികളും കൂട്ടാളികളും ചേര്‍ന്ന് രൂപ കൈമാറ്റംചെയ്തത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍, സാക്ഷി മൊഴികളുടെ പകര്‍പ്പുകള്‍, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍, എന്നിവ നല്‍കണമെന്നാവശ്യപ്പെട്ടുവെങ്കിലും എട്ടു സാക്ഷികളുടെ മൊഴികള്‍ മാത്രം നല്‍കുകയായിരുന്നു.

ഈ സാക്ഷികളുടെ മൊഴികള്‍ മാത്രം പരിഗണിച്ച് രണ്ടു സാക്ഷികള്‍ക്ക് ജൂലൈ ഒന്നിന് ഹാജരാകാന്‍ സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ സാക്ഷികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുള്ളരേഖകള്‍ പൂര്‍ണമായി നല്‍കുന്നതിന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്നും അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ കൈമാറാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപോര്‍ട്ടില്‍ആവശ്യപ്പെട്ടു. കേസ് ജൂലൈ 22 ന് വീണ്ടും പരിഗണിക്കും. 

Tags:    

Similar News