ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം: സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വിശ്വാസികളെ പൊട്ടന്മാരാക്കുന്നുവെന്ന് ; രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി
പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായി ചൊല്ലുന്ന സീറോ മലബാര്‍ ലിറ്റര്‍ജി തീരുമാനം വന്നതുമുതല്‍ പുര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്ന എറണാകുളം -അങ്കമാലി, തൃശ്ശുര്‍, ഇരിങ്ങാലക്കുട, താമരശ്ശേരി, മാനന്തവാടി, ഫരീദബാദ്, മാണ്ഡ്യ രൂപതകളില്‍ അസ്വസ്ഥതകള്‍ പുകയുകയാണെന്നും അതിരൂപതാ സംരക്ഷണ സമതി വ്യക്തമാക്കി
കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് സീറോമലബാര്‍ സഭാ മീഡിയ കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് എറണാകുളംഅങ്കമാലി അതിരൂപതാ സംരക്ഷണ സമതി.പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായി ചൊല്ലുന്ന സീറോ മലബാര്‍ ലിറ്റര്‍ജി തീരുമാനം വന്നതുമുതല്‍ പുര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്ന എറണാകുളം -അങ്കമാലി, തൃശ്ശുര്‍, ഇരിങ്ങാലക്കുട, താമരശ്ശേരി, മാനന്തവാടി, ഫരീദബാദ്, മാണ്ഡ്യ തുടങ്ങിയ രൂപതകളില്‍ അസ്വസ്ഥതകള്‍ പുകയുകയാണെന്നും അതിരൂപതാ സംരക്ഷണ സമതി വ്യക്തമാക്കി.
സീറോ മലബാര്‍ സഭയിലെ പകുതിയിലേറെ വിശ്വാസികളാണ് ഇപ്പോള്‍ ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്നത്. അവരുടെ ആശങ്കകള്‍ വത്തിക്കാനിലേക്കും മറ്റും പരാതികളിലൂടെ കൈമാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. മേല്‍പറഞ്ഞ ചില രൂപതകളിലേ മെത്രാന്മാരെ വൈദികര്‍ കൂട്ടമായി ചെന്നു കാണുകയും അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കുകയും പല ഇടവകകളിലും പാരീഷ് കൗണ്‍സില്‍ യോഗങ്ങള്‍ സിനഡ് അടിച്ചേല്‍പിക്കുന്ന കുര്‍ബാന രീതി സ്വീകരിക്കില്ലെന്നും ശക്തമായി അറിയിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ മീഡിയാ കമ്മീഷന്‍ പുതിയ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്ന പച്ചക്കള്ളവുമായി പരസ്യപ്രസ്താവന കൊടുത്തിരിക്കുന്നതെന്നും എറണാകുളംഅങ്കമാലി അതിരൂപതാ സംരക്ഷണ സമതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ 29ാം സിനഡിന്റെ സമാപനത്തില്‍ മൗണ്ട് സെന്റ്് തോമസില്‍ നിന്നും ഇറക്കിയ സിനഡാനന്തര കുറിപ്പില്‍ മാര്‍പാപ്പയുടെ കത്തിനെയാണ് ഏകകണ്‌ഠേന സ്വീകരിച്ചത് എന്ന് എഴുതിയിരിക്കുന്നത്. ആ കത്താകട്ടെ സീറോ മലബാര്‍ സഭയിലെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ ഐകരൂപ്യം അടിച്ചേല്‍പിക്കുരതെന്നാണ് പറഞ്ഞിരിക്കുന്നത്. ലിറ്റര്‍ജിയെക്കുറിച്ച് സിനഡില്‍ നടന്ന 10 ദിവസത്തെ ചര്‍ച്ചകളിലും ഇപ്പോള്‍ പൂര്‍ണമായി ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളില്‍ 1999 ലെ സിനഡ് തീരുമാനം അടിച്ചേല്‍പിച്ചാല്‍ ഐക്യം തകരുമെന്ന് ഇരുപതിലധികം മെത്രാന്മാര്‍ രേഖാമൂലം മേജര്‍ ആര്‍ച്ചുബിഷപ്പിനെ അറിയിക്കുകയും ചെയ്തു.
രഹസ്യസ്വഭാമുള്ളതിനാല്‍ ഒരു മെത്രാനും ഇതേകുറിച്ച് പരസ്യപ്രസ്താവന നടത്തില്ല. അതിനാലാണ് പുതിയ തീരുമാനം പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായി ചൊല്ലുന്ന രീതി നവംബര്‍ 28 ന് തുടങ്ങാന്‍ നിശ്ചയിച്ചതിനെക്കുറിച്ച് മീഡിയാ കമ്മീഷന്റെ ആഗസ്റ്റ് 27ലെ വാര്‍ത്താക്കുറിപ്പില്‍ ഏകകണ്‌ഠേന എന്ന വാക്കില്ലാതെ ' സിനഡ് തീരുമാനിച്ചു' എന്നു എഴുതിയത്. മീഡിയാ കമ്മീഷന്റെ അന്നത്തെ കുറിപ്പിന് കടകവിരുദ്ധമായി ഇപ്പോള്‍ മറ്റൊരു കുറിപ്പിറക്കിയാണ് വിശ്വാസികളെയും പൊതുസമൂഹത്തെയും പൊട്ടന്മാരാക്കുന്നതെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി.
സിനഡിന്റെ വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നും അതു സഭയുടെ ആഭ്യന്തരവും ആത്മീയവിഷയവുമാണെന്ന് പറയുന്ന മീഡിയ കമ്മീഷന്‍ എന്തിനാണ് ഈ വാര്‍ത്തയാക്കെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതെന്ന് മറുചോദ്യവുമുണ്ട്. വൈദികരെയും സന്ന്യസ്തരെയും വിശ്വാസികളെയും നോക്കുകൂത്തികളാക്കി മെത്രാന്മാര്‍ മാത്രം ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്ന തരത്തിലേക്കു തരംതാഴുന്ന സീറോ മലബാര്‍ സഭാ സിനഡിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ കാലഹരണപ്പെട്ടതും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും നയങ്ങള്‍ക്കും ചൈതന്യത്തിനും നിരക്കാത്തതുമാണ്. അതിനെ വിശ്വാസികള്‍ ഒന്നടങ്കം അപലപിക്കുകയാണെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'മെത്രാന്മാര്‍' എന്ന ഡിക്രിയില്‍ പ്രശ്‌നങ്ങളുള്ളപ്പോള്‍ ഡയലോഗിന്റെ വഴി മെത്രാന്മാര്‍ സ്വീകരിക്കണമെന്നുള്ള നിര്‍ദ്ദേശവും സിനഡ് അംഗീകരിക്കുന്നില്ലെന്നും അതിരൂപത സംരക്ഷണ സമിതിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.