ബ്യൂട്ടിപാര്‍ലറുകളില്‍ പട്ടാപ്പകല്‍ അതിക്രമിച്ചു കയറി പണം കവര്‍ന്ന സംഭവം: രണ്ടു പ്രതികള്‍ പിടിയില്‍

ആലുവ സ്വദേശി മന്‍സൂര്‍, കളമശ്ശേരി സ്വദേശി വിഷ്ണു എന്നിവരെയാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സനലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്

Update: 2022-01-07 06:15 GMT

കൊച്ചി: പാലാരിവട്ടത്തെ ബ്യൂട്ടി പാര്‍ലറുകളില്‍ പട്ടാപ്പകല്‍ അതിക്രമിച്ച് കയറി ഗുണ്ടാ നേതാവിന്റെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ പോലിസ് പിടിയില്‍.ആലുവ സ്വദേശി മന്‍സൂര്‍, കളമശ്ശേരി സ്വദേശി വിഷ്ണു എന്നിവരെയാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സനലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പാലാരിവട്ടത്തെ രണ്ടു ബ്യൂട്ടിപാര്‍ലറുകളില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ തങ്ങള്‍ തമ്മനത്തെ ഗുണ്ടാ നേതാവിന്റെ ആളുകളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 25,000 രൂപയോളം കവര്‍ന്നതിനു ശേഷം കടന്നു കളയുകയായിരുന്നു.തുടര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പാലക്കാട് ഒറ്റപ്പാലത്തുള്ള മറ്റൊരു ക്രിമനലിന്റെ വീട്ടില്‍ ഇരുവരും ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിക്കുന്നത്

തുടര്‍ന്ന് എറണാകുളം എസിപി നിസാമുദ്ദീന്റെ നിര്‍ദ്ദേശപ്രകാരം പാലാരിവട്ടം എസ്എച്ച്ഒ സനലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ദേവ്, എഎസ് ഐ ഷിഹാബ്, എഎസ് ഐ ലാലു ജോസഫ്, എഎസ് ഐ സോമന്‍ സിപിഒ മാരായ മാഹിന്‍, അരുണ്‍, വിപിന്‍, നിഖിലേഷ് എന്നിവര്‍ സ്ഥലത്ത് എത്തുകയും ഒറ്റപ്പാലം പോലീസിന്റെ സഹായത്തോടെ സാഹസികമായി പ്രതികളെ പിടികൂടുകയുമായിരുന്നു.പ്രതികള്‍ ഉപയോഗിച്ച വാഹനവും പോലിസ് പിടിച്ചെടുത്തു.

ഇതേ പ്രതികള്‍ ഈ മാസം രണ്ടിന് തൈക്കൂടം ഭാഗത്തു നിന്നും മറ്റൊരു ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ചുകയറി സമാനമായ രീതിയില്‍ 30,000 രൂപയോളം കവര്‍ച്ച ചെയ്തിരുന്നുവെന്നും പോലിസ് പറഞ്ഞു. പ്രതികള്‍ക്ക് മുന്‍പും സമാന ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. നിരവധി കവര്‍ച്ച കേസുകളിലും മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് മന്‍സൂര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Tags:    

Similar News