ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വീട് സ്മാരകമാക്കല്‍;സദ്ഗമയ ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി മന്ത്രി പി രാജീവ്
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ ഈ വീടും സ്ഥലവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൃഷ്ണയ്യരുടെ മക്കളെ അറിയിക്കുകയായിരുന്നു
കൊച്ചി:ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ എറണാകുളത്തെ വീട് ഏറ്റെടുത്ത് അദ്ദേഹത്തിനു സ്മാരകം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. വി ആര്‍ കൃഷ്ണയ്യര്‍ വിശ്രമജീവിതം നയിച്ച എറണാകുളം എംജി റോഡിനു സമീപത്തെ വസതി സദ്ഗമയ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടയിലാണു വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ ഈ വീടും സ്ഥലവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൃഷ്ണയ്യരുടെ മക്കളെ അറിയിക്കുകയായിരുന്നു. ചെന്നൈയിലുള്ള മകനുമായി സംസാരിച്ചു. വീട് വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മക്കള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിലവിലെ രൂപത്തില്‍ ഈ വീട് സര്‍ക്കാരിന് വിലയ്ക്കു കൈമാറുന്നതിനു മക്കള്‍ക്ക് എതിര്‍പ്പില്ല. സദ്ഗമയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയതായും വൈകാതെ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.