ഹൈദര്‍ അലി തങ്ങള്‍ രാഷ്ട്രത്തിനും ജനതയ്ക്കും സമുന്നത സേവനം നടത്തിയ വ്യക്തിത്വം: സയ്യിദ് മുസ്തഫ രിഫാഈ നദ്‌വി

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിനും മറ്റു മത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ മാതൃകാപരമായ നേതൃത്വമാണ് തങ്ങള്‍ നിര്‍വഹിച്ചത്.

Update: 2022-03-07 02:24 GMT

തിരുവനന്തപുരം: മുക്കാല്‍ നൂറ്റാണ്ട് കാലം നീണ്ട ധന്യമായ ജീവിതത്തിന് ശേഷം വിടപറഞ്ഞ പാണക്കാട് ഹൈദര്‍ അലി തങ്ങള്‍ ഇന്ത്യാ രാജ്യത്തിനും ഇവിടെ വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മഹത്തായ സേവനം അനുഷ്ഠിച്ച വ്യക്തിത്വമാണെന്ന് ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് സ്ഥാപക അംഗവുമായ മൗലാന സയ്യിദ് മുസ്തഫ രിഫാഈ നദ്‌വി പ്രസ്താവിച്ചു.

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിനും മത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ മാതൃകാപരമായ നേതൃത്വമാണ് തങ്ങള്‍ നിര്‍വഹിച്ചത്. സൗമ്യതയുടെ പര്യായം കൂടിയായ തങ്ങള്‍ ഇതര പ്രവര്‍ത്തനങ്ങളെയും ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വിനീതന്‍ തങ്ങളെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചപ്പോള്‍ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സിലിന്റെയും മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളെ താത്പര്യപൂര്‍വ്വം ശ്രവിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

ശിഹാബ് തങ്ങളുടെ നിര്യാണത്തിന് ശേഷം മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ പ്രധാന അംഗമായി ഹൈദര്‍ അലി തങ്ങളെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുകയും കൂടുതല്‍ ശക്തമായി മുന്നോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകത ഊന്നി പറയുകയും ചെയ്തിരുന്നു.

തീര്‍ച്ചയായും തങ്ങളുടെ വിയോഗം നമുക്കെല്ലാവര്‍ക്കും വലിയ നഷ്ടമാണെകിലും തങ്ങള്‍ കാണിച്ച് തന്ന സൗമ്യതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും സുഗന്ധം നിറഞ്ഞ മാതൃക ഒരിക്കലും മായാതെ സജീവമായി നിലനിര്‍ത്തേണ്ടത് നമെല്ലാവരുടെയും പ്രത്യേകിച്ചും തങ്ങളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വലിയൊരു ബാധ്യതയാണ്. ഇത് നിര്‍വ്വഹിക്കുന്ന പക്ഷം തങ്ങളുടെ വിയോഗത്തിലൂടെ ഉണ്ടായ കനത്ത നഷ്ടത്തിന് ചെറിയൊരു പരിഹാരം ആകുകയും നമ്മുടെ യാത്ര സുഗമമാകുകയും ചെയ്യും. ആദരണീയ തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Tags:    

Similar News