വാഹനം വിട്ടുകിട്ടണമെങ്കിൽ പഴയതുപോലെ ആക്കണമെന്ന് ഇ ബുൾജെറ്റിനോട് ഹൈക്കോടതി

രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നു കോടതി നിർദേശിച്ചു.

Update: 2022-10-13 16:54 GMT

കൊച്ചി: ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാൻ വിട്ടുകൊടുക്കണമെങ്കില്‍ രൂപമാറ്റം നീക്കണമെന്ന തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിന്‍ വര്‍ഗീസും ലിബിന്‍ വര്‍ഗീസും നൽകിയ ഹരജി കോടതി തള്ളി.

രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നു കോടതി നിർദേശിച്ചു. കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ അപാകമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. രൂപമാറ്റങ്ങള്‍ നീക്കാന്‍ വാഹനം ലോറിയിലോ മറ്റോ വര്‍ക്ഷോപ്പിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാഹനത്തിലെ മാറ്റങ്ങള്‍ നീക്കം ചെയ്യാൻ നവംബര്‍ 30 വരെ സമയവും അനുവദിച്ചു.

നേരത്തെ ഇരുവരും നല്‍കിയ ഹരജിയില്‍ രൂപമാറ്റം നീക്കിയാലേ വിട്ടുനല്‍കാനാകൂ എന്ന ഉപാധിയാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. എംവിഡി സർട്ടിഫിക്കറ്റ് നൽകും വരെ വാഹനം നിരത്തിൽ ഇറക്കാനും അനുമതിയില്ല.

വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നുമായിരുന്നു തലശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.

Similar News