കൊച്ചി: എറണാകുളം കേന്ദ്രമായി വിദ്യാഭ്യാസ- സംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌റ (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ റിഫോമേഷന്‍ ആന്റ് അമിറ്റി) ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് മെക്ക സ്ഥാപക സെക്രട്ടറി എന്‍ കെ അലി അര്‍ഹനായി. 2022 ജനുവരി ഒന്നിന് വൈകീട്ട് നാല് മണിക്ക് എറണാകുളം ഹോട്ടല്‍ അബാദ് പ്ലാസയില്‍ കേരളത്തിലെ സമൂഹിക- സംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
മൂന്ന് ദശാബ്ദക്കാലമായി കേരളത്തിലെ പിന്നാക്ക മത-ജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തിനും വേണ്ടി വിവരശേഖരണവും നിയമപോരാട്ടവും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്‍ കെ അലി. നരേന്ദ്രന്‍ കമ്മീഷന്‍, സച്ചാര്‍ കമ്മിറ്റി, പാലോളി കമ്മിറ്റി തുടങ്ങിയ പിന്നാക്ക ജനവിഭാഗങ്ങളുടെ തൊഴില്‍- വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ച കമ്മിറ്റികള്‍ക്കാവശ്യമായ വിവരങ്ങള്‍ കൊടുക്കുന്നതായി നല്‍കിയ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ഇസ്‌റ അറിയിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപി, വി ടി ബല്‍റാം, ടി പി എം ഇബ്രാഹിംഖാന്ഡ, ഫാ. പോള്‍ തേലക്കാട്ട്, വി ആര്‍ ജോഷി, സുധേഷ് എം രഘു, കെ കെ ബാബുരാജ്, അമല്‍ സി രാജന്‍, ജസ്റ്റിസ് വി കെ ഷംസുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇസ്‌റ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി എം അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.