പ്രതീക്ഷിച്ച മഴയില്ല; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്

സംസ്ഥാനത്തെ 44 പ്രധാന നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലത്തിന്റെ അളവില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു പുഴകളിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞിരുന്നത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേത് ഉള്‍പ്പെടെ സംസ്ഥാനത്തെ 70 ശതമാനം കുടിവെള്ള വിതരണ പദ്ധതികളും നദികളെ ആശ്രയിച്ചാണ് നടപ്പാക്കുന്നത്.

Update: 2019-06-07 09:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ വിവിധ പദ്ധതികളിലായി ശേഷിക്കുന്നത്. കനത്ത ചൂടും ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ പരീക്ഷകളും മുന്‍നിര്‍ത്തി പവര്‍കട്ടും ലോഡ് ഷെഡിങും വൈദ്യുതി ബോര്‍ഡ് ഒഴിവാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം കൂടി നില്‍ക്കുകയാണ്. ഇനിയും വൈദ്യുതി ഉത്പാദനം കൂട്ടേണ്ടി വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഇടുക്കി ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന വൈദ്യുതി പദ്ധതികൾ നേരിടുന്ന പ്രതിസന്ധി വൈദ്യുതി മേഖലയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കും.

കുടിവെള്ള പ്രശ്നം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുക വടക്കന്‍ കേരളത്തിലായിരിക്കുമെന്നു ജലവിഭവവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. സംസ്ഥാനത്തെ 44 പ്രധാന നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലത്തിന്റെ അളവില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു പുഴകളിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞിരുന്നത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേത് ഉള്‍പ്പെടെ സംസ്ഥാനത്തെ 70 ശതമാനം കുടിവെള്ള വിതരണ പദ്ധതികളും നദികളെ ആശ്രയിച്ചാണ് നടപ്പാക്കുന്നത്.

ഇടുക്കിയില്‍ ആകെ ശേഷിയുടെ 20 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയില്‍ വെറും പതിമൂന്ന് ശതമാനവും. ഇടുക്കി ഡാമില്‍ 705.502 മീറ്റര്‍ വെള്ളമാണുള്ളത്. ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ 939.058 മീറ്ററും ഉപസംഭരണിയായ പമ്പാഡാമില്‍ 963.05 മീറ്ററും വെള്ളമാണ് നിലവിലുള്ളത്.

ഇടുക്കിയിലും ശബരിഗിരിയിലുമുള്‍പ്പെടെയുള്ള പദ്ധതികളിലെല്ലാം വൈകുന്നേരങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം കൂടുതല്‍ അളവില്‍ നടത്തുന്നത്. എല്ലാ ജലസംഭരണികളിലും കൂടി 16 ശതമാനത്തോളം വെള്ളമുണ്ടെങ്കിലും ഇതില്‍ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാവുന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്.

ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിലൊന്നും കാര്യമായ മഴ ലഭിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചപ്പോഴും ഇടുക്കിയിലെ പദ്ധതി പ്രദേശത്ത് 0.08 മില്ലീലിറ്ററും ശബരിഗിരിയില്‍ 16 മില്ലീലിറ്ററുമാണ് ലഭിച്ചത്. പ്രധാന ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ദിവസേന വലിയ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റു പ്രധാന സംഭരണികളായ ഷോളയാറില്‍ പതിനൊന്നും ഇടമലയാറില്‍ പത്തും കുണ്ടളയില്‍ പതിമൂന്നും മാട്ടുപ്പെട്ടിയില്‍ പന്ത്രണ്ടും ശതമാനം വെള്ളമാണിപ്പോഴുള്ളത്. 268 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തെ ജലസംഭരണികളിലുള്ളത്.

Tags:    

Similar News