ഹോട്ട് സ്‌പോട്ടുകള്‍ പുനർനിർണയിക്കാന്‍ കേരളം
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഹോട്ട്സ്‌പോട്ടുകള്‍ക്ക് പകരം കേരളത്തെ നാല് സോണുകള്‍ ആക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. നിലവിൽ കേന്ദ്രത്തിന്റെ ഹോട്ട് സ്‌പോട്ടുകൾ നിർണയം അശാസ്ത്രീയമാണെന്ന അഭിപ്രായമാണ് സംസ്ഥാനത്തിനുള്ളത്. ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തിയത് ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. കോഴിക്കോടിനെ ഒഴിവാക്കിയതും കണക്കുകൾ പരിഗണിക്കാതെയാണ്. ഇത്തരം വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി സോണുകൾ പുനക്രമീകരിക്കണമെന്നു ആവശ്യപ്പെടാനാണ് സർക്കാർ തീരുമാനം. രോഗവ്യാപനത്തിന്റെ തോതും തീവ്രതയും അനുസരിച്ച് ജില്ലകൾ ചേർത്തു നാലു മേഖലകളാക്കാനാണ് സംസ്ഥാനം നിർദേശിക്കുന്നത്. ജില്ലകളെ ഹോട്ട്സ്‌പോട്ടുകളാക്കുന്ന കേന്ദ്ര തീരുമാനത്തിനു പകരം മേഖലകൾ തിരിച്ചുള്ള ക്രമീകരണമാണ് സംസ്ഥാനം മുന്നോട്ടുവെയ്ക്കുന്നത്.
ഇതുപ്രകാരം ആദ്യ മേഖലയിൽ പെടുന്ന നാലു ജില്ലകൾ റെഡ് സോണിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയാണ് അതിതീവ്രമേഖലയിൽ ഉൾപ്പെടുന്ന ജില്ലകൾ. ഇവിടെ കടുത്ത നിയന്ത്രണം തുടരും. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളെ തീവ്ര മേഖലകളാക്കും. ഇവിടെ ഏപ്രിൽ 24 നു ശേഷം ഭാഗിക ഇളവുകൾ നൽകും. മൂന്നാമത്തെ മേഖലയിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണുള്ളത്. ഇവിടെ ഭാഗിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാവൂ. നാലാമത്തെ മേഖലയിൽ ഉൾപ്പെടുന്നത് കോട്ടയം, ഇടുക്കി ജില്ലകളാണ്. ഇവിടെ പൂർണ ഇളവു നൽകാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സംസ്ഥാനം ഏകപക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്രസര്‍ക്കാരിനെ കൂടെ അറിയിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡത്തില്‍ ഏഴ് ജില്ലകളാണ് ഹോട്സ്പോട്ടുകളായി ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയെ ഗ്രീന്‍ സോണിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ മാറ്റം വരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കാനും മന്ത്രിസഭാ തീരുമാനം. ലോക്ക് ഡൗണ്‍ നീട്ടി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
കേന്ദ്ര നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ഇളവുകള്‍ അനുവദിക്കില്ല. ഏപ്രില്‍ 20 വരെയും കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് സംസ്ഥാന തീരുമാനം. ഏപ്രിൽ 20ന് ശേഷം ചില മേഖലകളില്‍ ഇളവ് അനുവദിക്കും. പരമ്പരാഗത മേഖലകളിലാണ് ഇളവുകള്‍ കൂടുതല്‍. കയര്‍-കശുവണ്ടി - ബീഡി തൊഴിലാളി മേഖലകളിലും കൈത്തറി മേഖലയിലും ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കാര്‍ഷിക മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് സംസ്ഥാനത്ത് നടപ്പിലാക്കും.