ഐപ്ലക്‌സ് 20 : ഇന്റര്‍ നാഷണല്‍ മെഷിനറി എക്‌സിബിഷന്‍ ഡിസംബര്‍ ആദ്യവാരം
ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ചെറുകിട പോളിമര്‍ വ്യവസായികളെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കണ്‍വീനര്‍ മാത്യു പി ജെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അസ്സോസിയേഷനുകളുടെയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിമര്‍ ടെക്‌നോളജിയുടെയും (സിപെറ്റ്) സഹകരണത്തോടെ ഐപ്ലക്‌സ് 20 എന്ന പേരില്‍ ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ അങ്കമാലി അഡ്‌ലക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ ഇന്റര്‍ നാഷണല്‍ മെഷിനറി എക്‌സിബിഷന്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രധാനപ്പെട്ട യന്ത്ര നിര്‍മ്മാതാക്കളും രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉപകരണങ്ങളുടെ തല്‍സമയ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും. കൂടാതെ അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. സിപെറ്റിന്റെ ടെക്‌നിക്കല്‍ ടീം പോളിമര്‍ വ്യവസായികള്‍ക്ക് ആവശ്യമായ നൂതന സങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനൊപ്പം സംശയ ദൂരികരണവും നടത്തും. കൂടാതെ കേരള പ്ലാസ്റ്റിക് റീസൈക്കിളേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ചെറുകിട പോളിമര്‍ വ്യവസായികളെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കണ്‍വീനര്‍ മാത്യു പി ജെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ വ്യവസായം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ പോളിമര്‍ അധിഷ്ഠിത വ്യവസായികള്‍ക്കും പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് വ്യവസായം വിപുലികരിക്കുന്നതിനും പ്രദര്‍ശനം ഒരേപോലെ ഫലപ്രദമായിരിക്കും.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം മൂലം ഭൂരിഭാഗം ചെറുകിട വ്യവസായികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലുള്ള മെഷിനറികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഐപ്ലക്‌സ് 20 പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മൂന്നിന് രാവിലെ 10 ന് സിപെറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഷിഷിര്‍ സിന്‍ഹയുടെ അധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം നടക്കും.
പ്രദര്‍ശനത്തിന്റെ സമാപന ദിവസമായ ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് കെപിഎംഎ(കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍) പ്രസിഡന്റ് ബാലകൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെപിഎംഎ പ്രസിഡന്റ് ബാലകൃഷ്ണഭട്ട്, ജനറല്‍ സെക്രട്ടറി എം എസ് ജോര്‍ജ്ജ് ജോ. കണ്‍വീനര്‍ അലോക് കുമാര്‍ സാബു, ജോ. കണ്‍വീനര്‍ സന്തോഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.