കെഎസ്ആര്‍ടിസിയിലെ പോര്: എംഡി ബിജു പ്രഭാകറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി; പരസ്യപ്രസ്താവന വിലക്കി

കെഎസ്ആര്‍ടിസിയില്‍ വ്യാപകക്രമക്കേടാണ് നടക്കുന്നതെന്നും ഒരുവിഭാഗം ജീവനക്കാര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചതാണ് വിവാദത്തിന് വഴിവച്ചത്.

Update: 2021-01-18 08:27 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുമായുള്ള തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. വിഷയത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് വിവാദപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കെഎസ്ആര്‍ടിസിയില്‍ വ്യാപകക്രമക്കേടാണ് നടക്കുന്നതെന്നും ഒരുവിഭാഗം ജീവനക്കാര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചതാണ് വിവാദത്തിന് വഴിവച്ചത്. 

ബിജു പ്രഭാകറിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരേ സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യൂനിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസിയില്‍ പുതിയ പോര്‍മുഖം തുറന്നു. എംഡിക്കെതിരേ പ്രത്യക്ഷസമരവുമായി സംഘടനകള്‍ നിലയുറപ്പിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. അതേസമയം, കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാവുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസലായിരുന്നു കൂടിക്കാഴ്ച.

കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണ നടപടികള്‍ക്ക് ഒരുവിഭാഗം തൊഴിലാളികള്‍ തുരങ്കംവയ്ക്കുന്നുവെന്നും ടിക്കറ്റ് മെഷീനിലും ഡീസല്‍ ഉപയോഗത്തിലുമടക്കം വ്യാപക തട്ടിപ്പ് നടത്തുന്നുവെന്നുമാണ് ബിജു പ്രഭാകര്‍ ആരോപിച്ചത്. ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആക്ഷേപം കൊണ്ടത് കാട്ടുകള്ളന്‍മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ ലൈവില്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍കൂടിയാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യപ്രസ്താവനകള്‍ വിലക്കിയത്.

Tags:    

Similar News