കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാമിയുടെ കുടുംബത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസ് ഇപ്പോള്‍ സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കണ്ടാല്‍ കുടുംബത്തിന് വീണ്ടും കോടതിയെ സമീപിക്കാവുന്നാതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ വ്യക്തമാക്കി.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യമുയര്‍ത്തിയത്. കുടുംബത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് ജില്ലാ പോലിസ് മേധാവി എസ്. ശശിധരന്‍ ഡി.ജി.പി.ക്ക് കേസ് സിബി.ഐക്ക് വിടാനുള്ള ശുപാര്‍ശയും നല്‍കിയിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ചിന് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേമന്‍ യു ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ ഷാരോണ്‍ സി.എസ്., രതീഷ് കുമാര്‍ ആര്‍, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും സംഘത്തിലുണ്ട്.